ദേശീയ പട്ടികജാതി കമ്മീഷനിൽ മാസങ്ങളായി ചെയർപേഴ്സൺ ഇല്ല

ദേശീയ പട്ടികജാതി കമ്മീഷനിൽ (എൻ‌സി‌എസ്‌സി) നാലുമാസമായി ചെയർമാന്റേയും മറ്റ് അംഗങ്ങളുടേയും ഒഴിവുകൾ നികത്തിയിട്ടില്ല.

Update: 2020-10-01 14:32 GMT

ന്യൂഡൽഹി: ദലിതരുടെയും ആദിവാസികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പരാതികൾ പരിശോധിക്കുന്നതിനുമുള്ള ദേശീയ പട്ടികജാതി കമ്മീഷനിൽ മാസങ്ങളായി ചെയർപേഴ്സൺ ഇല്ല. ഉത്തർപ്രദേശിലും ഇതേ സ്ഥിതിയാണ് തുടരുന്നത്. ഹഥ്റാസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ ബിജെപിയുടെ ദലിത് വിരുദ്ധതയ്ക്കെതിരേ വ്യാപക വിമർശനമാണ് ഉയരുന്നത്.

ദേശീയ പട്ടികജാതി കമ്മീഷനിൽ (എൻ‌സി‌എസ്‌സി) നാലുമാസമായി ചെയർമാന്റേയും മറ്റ് അംഗങ്ങളുടേയും ഒഴിവുകൾ നികത്തിയിട്ടില്ല. സംസ്ഥാനത്തെ ദലിതരുടെയും ആദിവാസികളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള ഉത്തർപ്രദേശ് എസ്‌സി / എസ്ടി കമ്മീഷനിൽ ചെയർമാനെ നിയമിക്കാതായിട്ട് 10 മാസം പിന്നിട്ടു.

ദേശീയ കമ്മീഷൻ ഭാരവാഹികളുടെ കാലാവധി മെയ് മാസത്തിലാണ് അവസാനിച്ചത്. ബിജെപി നേതാവും മുൻ എംപിയുമായ രാംശങ്കർ കതേരിയ ചെയർപേഴ്‌സണായും പാർട്ടിയുടെ തമിഴ്‌നാട് മേധാവി എൽ മുരുകൻ വൈസ് ചെയർപേഴ്‌സണായും പ്രവർത്തിച്ചു വരികയായിരുന്നു. ഒഴിവു നികത്തുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുകയാണെന്ന് ബന്ധപ്പെട്ട മന്ത്രാലയ വക്താക്കൾ അറിയിച്ചു.

എന്നാൽ ഇത് മോദി സർക്കാരിന്റെ ദലിത് വിരുദ്ധ മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഈ കമ്മീഷനുകൾ മോദി സർക്കാരിന്റെ മുൻഗണനയല്ല. പട്ടികജാതി സമൂഹത്തിന് അവരുടെ പരാതികൾ പരിഹരിക്കാനുള്ള ഒരു സംവിധാനമാണിത്. എന്നാൽ മോദി സർക്കാരിനെ സംബന്ധിച്ചിടത്തോളം ദലിതരോട് അനുഭാവമില്ലാത്തതാണ് ഇതിന് കാരണമെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ മുൻ ചെയർപേഴ്സൺ പിഎൽ പുനിയ പറഞ്ഞു. 

Similar News