കന്നഡ നടന്‍ സഞ്ചാരി വിജയ് വാഹനാപകടത്തില്‍ മരിച്ചു

ശനിയാഴ്ച രാത്രി ബംഗളൂരു എല്‍ ആന്റ് ടി സൗത്ത് സിറ്റിയിലെ ജെപി നഗര്‍ സെവന്‍ത് ഫേസിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലിരിക്കെയാണ് അന്ത്യം.

Update: 2021-06-14 09:27 GMT

ബംഗളൂരു: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ കന്നഡ നടന്‍ സഞ്ചാരി വിജയ് (38) വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി ബംഗളൂരു എല്‍ ആന്റ് ടി സൗത്ത് സിറ്റിയിലെ ജെപി നഗര്‍ സെവന്‍ത് ഫേസിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലിരിക്കെയാണ് അന്ത്യം. അപകടത്തില്‍ സഞ്ചാരി വിജയ്‌യുടെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുള്ളതിനാല്‍ അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയമാക്കി. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല. മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

നടന്‍ സുദീപ് ആണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ട്വിറ്ററിലൂടെ മരണവാര്‍ത്ത അറിയിച്ചത്. ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് റോഡില്‍ തെന്നിമാറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലിസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ബൈക്ക് ഓടിച്ചിരുന്ന വിജയ്‌യുടെ സുഹൃത്ത് നവീനും (42) ചികില്‍സയിലായിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

2011 ല്‍ രംഗപ്പ ഹൊഗ്ബിത്‌ന എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയ് ചലച്ചിത്രമേഖലയിലേക്ക് കാലെടുത്തുവയ്ക്കുന്നത്. കന്നഡ ചലച്ചിത്രങ്ങളായ ദസവാല, ഹരിവു, ഒഗ്‌റാനെ, കില്ലിങ് വീരപ്പന്‍, വര്‍ത്തമാന, ശിപായി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2015 ല്‍ 'നാന്‍ അവനല്ല അവളു' എന്ന സിനിമയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയുള്ള അഭിനയത്തിനാണ് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വിജയ്ക്ക് ലഭിച്ചത്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു.

Tags:    

Similar News