140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങളെയാണ് ബജറ്റ് പ്രതിഫലിപ്പിക്കുന്നത്: മോദി
ന്യൂഡല്‍ഹി: 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങളെയാണ് ബജറ്റ് പ്രതിഫലിപ്പിക്കുന്നതെന്ന് നരേന്ദ്രമോദി. ബജറ്റിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. വികസിത ഭാരതത്തിനായുള്ള റോഡ് മാപ്പിനെ ശക്തിപ്പെടുത്തുന്ന നടപടികളാണ് ബജറ്റിലുള്ളത്.
ഇന്ത്യ ഉടനെ തന്നെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യ ഓരോ ദിവസവും വളരുകയാണ്. വലിയ വ്യവസായ കരാറുകളില്‍ രാജ്യം ഒപ്പിടുന്നു. അതിന്റെ പ്രയോജനം ലഭിക്കുന്നത് രാജ്യത്തെ യുവാക്കള്‍ക്കും മധ്യവര്‍ത്തി കുടുംബങ്ങള്‍ക്കുമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിനായി അതിവേഗ റെയില്‍പാത അടക്കം നിരവധി പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ബജറ്റ് അതിരുകളില്ലാത്ത അവസരങ്ങളുടെ പാതയാണ്. അത് വര്‍ത്തമാനകാലത്തെ സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കുകയും രാജ്യത്തിന്റെ ഉജ്ജ്വലമായ ഭാവിക്ക് കരുത്തുറ്റ അടിത്തറ പാകുകയും ചെയ്യുന്നു. 2047 ഓടെ വികസിത ഇന്ത്യ എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ശക്തമായ അടിത്തറയാണ് ബജറ്റെന്നും പ്രധാനമന്ത്രി പറഞ്ഞു.