മതസ്പർധയും തെറിവിളിയും; നമോ ടിവി അവതാരകയും ഉടമയും കീഴടങ്ങി

സെപ്തംബർ 19 നാണ് ഐപിസി 153 (എ) വകുപ്പ് പ്രകാരം കലാപാഹ്വാനത്തിന് തിരുവല്ല പോലിസ് കേസെടുത്തത്.

Update: 2021-11-01 10:03 GMT

പത്തനംതിട്ട: മതസ്പർധ വളർത്തുന്ന തരത്തിൽ വാർത്ത നൽകിയ കേസിൽ നമോ ടിവി ഉടമയും അവതാരകയും പോലിസിൽ കീഴടങ്ങി. ഉടമയായ രഞ്ജിത്ത് ടി എബ്രഹാം, അവതാരകയായ ശ്രീജ വള്ളിക്കോട് എന്നിവരാണ് തിരുവല്ല എസ്എച്ച്ഒ പി എസ് വിനോദിന് മുമ്പാകെ ഉച്ചയോടെ കീഴടങ്ങിയത്. മുൻകൂർ ജാമ്യം തേടിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.

സെപ്തംബർ 19 നാണ് ഐപിസി 153 (എ) വകുപ്പ് പ്രകാരം കലാപാഹ്വാനത്തിന് തിരുവല്ല പോലിസ് കേസെടുത്തത്. നമോ ടിവി എന്ന യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോ മുസ്ലിംകൾക്ക് നേരെ അധിക്ഷേപവും അശ്ലീല പരാമർശവും നടത്തിക്കൊണ്ടുള്ളതായിരുന്നു. ഇതിനെതുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇതിനെ പിന്നാലെയാണ് പോലിസ് ഇരുവർക്കുമെതിരേ കേസെടുത്തത്.

ഇതിന് പിന്നാലെ ഇരുവരും ഒളിവിൽ പോകുകയായിരുന്നു. ഒളിവിലിരുന്നുകൊണ്ട് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഇരുവരും കീഴടങ്ങിയത്. വൈകുന്നേരം നാലുമണിയോട് കൂടെ ഇരുവരെയും തിരുവല്ല കോടതിയിൽ ഹാജരാക്കും.