വഖ്ഫ് ബോര്‍ഡ് നിയമന വിവാദം: മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കുമെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

Update: 2022-04-21 18:20 GMT

കോഴിക്കോട്: വഖ്ഫ് ബോര്‍ഡ് നിയമന വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കുമെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ. ഇന്നലെ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന മതപണ്ഡിതന്മാരുടെ യോഗത്തില്‍ വഖ്ഫ് നിയമ ഭേദഗതിയുടെ നിയമ നിര്‍മ്മാണ വേളയില്‍ എതിര്‍പ്പുകള്‍ ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും, നിലവിലുള്ള ജീവനക്കാരുടെ പ്രശ്‌നം മാത്രമാണ് ഉന്നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിലാണിത്.

മുഖ്യമന്ത്രിയുടെ പരാമര്‍ശം പഴയ കള്ളത്തരങ്ങളുടെ ആവര്‍ത്തനമാണ്. വിവാദ ബില്‍ പിന്‍വലിക്കാന്‍ തയാറല്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയില്‍ ബില്ലിനെ വിവിധ ഘട്ടങ്ങളില്‍ ലീഗ് യുഡിഎഫ് അംഗങ്ങള്‍ എതിര്‍ത്തിരുന്നു. അത് മറച്ചു വെച്ചുള്ള മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ നിയമസഭയോടുള്ള അവഹേളനമാണെന്ന് ഷംസുദ്ദീന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഒന്നുകില്‍ മുഖ്യമന്ത്രി നടപടി ക്രമങ്ങള്‍ പരിശോധിക്കാതെയാണ് ഇത് പറയുന്നത്. അല്ലെങ്കില്‍ കാര്യങ്ങള്‍ അറിഞ്ഞിട്ടും പച്ചക്കള്ളം ആവര്‍ത്തിക്കുകയാണ്. ബില്ലിന് അവതരണാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത് താനാണ്. ബില്‍ ഭരണഘടനാവിരുദ്ധവും, കേന്ദ്ര വഖ്ഫ് നിയമത്തിനെതിരും മതന്യൂനപക്ഷ വിരുദ്ധവുമാണെന്ന് താന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞിരുന്നു. ചര്‍ച്ചകളില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍, കെപിഎ മജീദ്, പി ഉബൈദുള്ള , കെ ബാബു, കുറുക്കോളി മൊയ്തീന്‍, നജീബ് കാന്തപുരം എന്നിവരും ബില്ലിന്റെ മൂന്നാം വായനയുടെ ഘട്ടത്തില്‍ പാര്‍ട്ടി ലീഡര്‍ പി കെ കുഞ്ഞാലിക്കുട്ടിയും ബില്ല് പാസാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതെല്ലാം ഇന്നലത്തെ യോഗത്തില്‍ മുഖ്യമന്ത്രി വിഴുങ്ങിക്കളഞ്ഞു. നിയമസഭാ നടപടി ക്രമങ്ങളെ കുറിച്ച് വസ്തുതാ വിരുദ്ധമായ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചു നടത്തുകയാണ് മുഖ്യമന്ത്രി. ഇതിനാല്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും. ഇന്നലത്തെ മതപണ്ഡിതന്മാരുടെ യോഗത്തിലും മുഖ്യമന്ത്രി കാപട്യം തുടര്‍ന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ തന്നെ നിയമം റദ്ദാക്കാമായിരുന്നു. ഇക്കാര്യത്തില്‍ ഒരു സ്വകാര്യ ബില്ലിന് താന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ അത് സര്‍ക്കാരിന് നിയമം ആക്കാവുന്നതാണ്. ഇന്നലത്തെ യോഗത്തില്‍ വ്യക്തമായ തീരുമാനം പറയാതെ മുസ്‌ലിം പണ്ഡിതന്മാരെയും നേതാക്കന്മാരെയും പറ്റിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും എന്‍ ഷംസുദ്ദീന്‍ കുറ്റപ്പെടുത്തി.