'എന്റെ മകന്‍ മോദിയുടെയും അമിത്ഷായുടെയും അനുയായി'; ബിജെപിയെ വെട്ടിലാക്കി ശാഹിന്‍ബാഗില്‍ വെടിയുതിര്‍ത്തയാളുടെ പിതാവ്

Update: 2020-02-05 18:31 GMT

ന്യൂഡല്‍ഹി: തന്റെ മകന്‍ നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും അനുയായിയാണെന്നു ശാഹിന്‍ബാഗില്‍ പ്രതിഷേധക്കാര്‍ക്കു നേരെ ജയ്ശ്രീം വിളിച്ച് വെടിയുതിര്‍ത്ത കപില്‍ ഗുജ്ജാറിന്റെ പിതാവ്. ഇതോടെ, യുവാവ് എഎപിക്കാരനാണെന്നു പറഞ്ഞ ഡല്‍ഹി പോലിസും ബിജെപിയും വെട്ടിലായി. നേരത്തേ, മകനും എനിക്കും രാഷ്ട്രീയബന്ധമില്ലെന്നു പറഞ്ഞ കപില്‍ ഗുജ്ജാര്‍ നിലപാട് മാറ്റുകയും തങ്ങളുടെ രാഷ്ട്രീയബന്ധം വെളിപ്പെടുത്തുകയുമായിരുന്നു. തന്റെ മകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പിന്തുണക്കാരനാണെന്നായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. കപില്‍ ഗുജ്ജാര്‍ ആം ആദ്മി അംഗമാണെന്ന് സമ്മതിച്ചെന്നു പറഞ്ഞ് പോലിസ് ഒരു ഫോട്ടോയും പുറത്തുവിട്ടിരുന്നു. കപില്‍ ഗുജ്ജാറിന്റെ ഫോണില്‍ നിന്ന് ലഭിച്ചതെന്നു പറയുന്ന ഫോട്ടോയില്‍ ആം ആദ്മി നേതാക്കളായ സഞ്ജയ് സിങ്, അതിഷി എന്നിവരോടൊപ്പം തൊപ്പി ധരിച്ചു നില്‍ക്കുന്ന ചിത്രമാണ് പോലിസ് പുറത്തുവിട്ടിരുന്നത്.

    തനിക്കും എന്റെ കുടുംബത്തിനും ആം ആദ്മി പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ അവര്‍ പ്രചാരണത്തിനെത്തി ഞങ്ങളെ എല്ലാവരേയും ആം ആദ്മി തൊപ്പികള്‍ ധരിപ്പിച്ചിരുന്നു. അതാണ് ഫോട്ടോയിലുള്ളതെന്നും കപിലിന്റെ പിതാവ് ഗാജെ സിങ് പറഞ്ഞു. 'എന്റെ മകന്‍ മോദിയുടെ പിന്തുണക്കാരനാണ്. മോദിയുടെയും അമിത് ഷായുടെയും അനുയായിയാണെന്നും അദ്ദേഹം പറഞ്ഞു. ശാഹീന്‍ ബാഗില്‍ റോഡുകള്‍ തടഞ്ഞതില്‍ കപില്‍ ഗുജ്ജാര്‍ അസ്വസ്ഥനായിരുന്നു. കാരണം ജോലിക്കു പോവാന്‍ ഒരു മണിക്കൂറിനു പകരം നാല് മണിക്കൂര്‍ എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലതുപക്ഷ, ദേശീയ വീക്ഷണങ്ങള്‍ അവന്‍ പങ്കുവയ്ക്കാറുണ്ട്. മകന്‍ എല്ലായ്‌പ്പോഴും ഹിന്ദുസ്ഥാനെയും ഹിന്ദുത്വത്തെയും കുറിച്ചാണ് സംസാരിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

    ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം ബാക്കിയിരിക്കെ പോലിസ് വെളിപ്പെടുത്തല്‍ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ വാക്കുതര്‍ക്കത്തിനിടയാക്കിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് പോലിസ് പറയുന്നതെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങിന്റെ ആരോപണം. ക്രമസമാധാനപാലനവും രാജ്യത്തിന്റെ സുരക്ഷയും മുതലെടുത്ത് ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും എഎപിക്കെതിരേ തെറ്റായ ആരോപണം ഉന്നയിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.




Tags: