എം വി ജയരാജന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി; ആശുപത്രിയില്‍ തുടരും

Update: 2021-02-01 17:48 GMT

കണ്ണൂര്‍: കൊവിഡ് ന്യുമോണിയ കാരണം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ ചികില്‍സയില്‍ തുടരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യ സ്ഥിതിയില്‍ ഭേദപ്പെട്ട പുരോഗതിയുണ്ടായതായി മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മരുന്നിലൂടെ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തിലെ ഓക്‌സിജന്റെ അളവിലും ക്രമമായ പുരോഗതി ദൃശ്യമായതിനാല്‍ മിനിമം വെന്റിലേറ്റര്‍ സപ്പോര്‍ട്ടാണ് ഇപ്പോള്‍ നല്‍കി വരുന്നത്. സാധാരണനിലയിലുള്ള ശ്വാസോച്ഛ്വാസ സ്ഥിതിയിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നതിനുള്ള ആദ്യഘട്ടമെന്നോണം, ഇടവേളകളില്‍ ഓക്‌സിജന്റെ മാത്രം സഹായത്തോടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് ക്രമീകരിച്ചത് ഫലം കണ്ടു. സാധാരണനിലയിലേക്ക് ശ്വാസോച്ഛ്വാസ പ്രക്രിയ മാറിവരുന്നതിനായി ഓക്‌സിജന്‍ കൊടുത്തുള്ള തുടര്‍ചികില്‍സ ഏതാനും ദിവസങ്ങള്‍ക്കൂടി തുടരേണ്ടതുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. കൊവിഡ് ന്യുമോണിയ കാരണം ശ്വാസകോശത്തിലുണ്ടായ അണുബാധ മാറിവരുന്നതേയുള്ളൂ എന്നതിനാല്‍ ത്തന്നെ ഗുരുതരാവസ്ഥ വിട്ടുമാറിയിട്ടില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.

MV Jayarajan's health improves; Will remain in the hospital

Tags: