മുസ്‌ലിംകള്‍ തൊപ്പിയില്‍ നിന്ന് 'തിലക' കുറിയിലേക്ക് മാറും; വിദ്വേഷ പ്രസ്താവനയുമായി ബിജെപി എംഎല്‍എ
താന്‍ വീണ്ടും എംഎല്‍എ ആയാല്‍ തൊപ്പികള്‍ അപ്രത്യക്ഷമായതു പോലെ, അടുത്ത തവണ മുസ്‌ലിംകള്‍ തിലകം ധരിക്കുമെന്ന് രാഘവേന്ദ്ര സിങ് പറയുന്നു.
ലഖ്‌നോ: തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ വിദ്വേഷ പ്രസ്താവനയുമായി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ. ബിജെപി എംഎല്‍എ രാഘവേന്ദ്ര സിങ്ങാണ് മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. താന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ മുസ്‌ലിംകള്‍ തൊപ്പിയില്‍ നിന്ന് 'തിലക' കുറിയിലേക്ക് മാറുമെന്ന് പറയുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
താന്‍ വീണ്ടും എംഎല്‍എ ആയാല്‍ തൊപ്പികള്‍ അപ്രത്യക്ഷമായതു പോലെ, അടുത്ത തവണ മുസ്‌ലിംകള്‍ തിലകം ധരിക്കുമെന്ന് രാഘവേന്ദ്ര സിങ് പറയുന്നു. ആദ്യമായാണ് ഇത്രയധികം ഹിന്ദുക്കള്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്നതെന്നും ദൊമാരിയഗഞ്ചില്‍ ജനങ്ങള്‍ സലാം പറയുമോ അതോ ജയ് ശ്രീറാം പറയുമോ എന്നും അദ്ദേഹം ചോദിച്ചു.
കിഴക്കന്‍ യുപിയിലെ ദൊമാരിയഗഞ്ചില്‍ നിന്നുള്ള എംഎല്‍എയാണ് രാഘവേന്ദ്ര സിങ്ങ്. പ്രസ്താവനയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ 'ഇസ്‌ലാമിക ഭീകരത'യെ ചെറുക്കുന്നതിനുള്ള പ്രസംഗമായിരുന്നു താന്‍ നടത്തിയതെന്ന വ്യാഖ്യാനവുമായി രാഘവേന്ദ്ര സിങ് രംഗത്തെത്തി.
'ഇവിടെ ഇസ്‌ലാമിക ഭീകരര്‍ ഉണ്ടായിരുന്നപ്പോള്‍, ഹിന്ദുക്കള്‍ തൊപ്പി ധരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഹിന്ദുവിന്റെ അഭിമാനത്തിനായി എന്തും ത്യജിക്കാന്‍ ഞാന്‍ തയ്യാറാണ്. മുസ്‌ലിംകള്‍ എന്നെ തോല്‍പ്പിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. ഞാന്‍ മിണ്ടാതിരിക്കില്ല,' രാഘവേന്ദ്ര സിങ് പറഞ്ഞു.
ഹിന്ദു യുവവാഹിനിയുടെ യുപിയിലെ ചുമതലക്കാരനാണ് സിങ്. രാഘവേന്ദ്രയുടെ ഗുരുതരമായ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കേസെടുത്തതായി യുപി പോലിസ് മാധ്യമങ്ങളോട് പറഞ്ഞു.
2017ല്‍ ദൊമാരിയഗഞ്ച് സീറ്റില്‍ നിന്ന് 200 വോട്ടിനാണ് രാഘവേന്ദ്ര സിങ് വിജയിച്ചത്. മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും ഒരേ പോലെ വോട്ട് വിഹിതമുള്ള ദൊമാരിയഗഞ്ചില്‍ യുപി തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലാണ് വോട്ടെടുപ്പ്. കിഴക്കന്‍ യുപിയില്‍, വോട്ടെടുപ്പിന് മുന്നോടിയായി നിരവധി ബിജെപി നേതാക്കള്‍ ധ്രുവീകരണ പ്രസ്താവനകള്‍ നടത്തിയിരുന്നു.

