'മുസ് ലിംകള്‍ക്ക് പ്രവേശനമില്ലെ'ന്ന ബോര്‍ഡ്: സന്തോഷിക്കുന്നവര്‍ ആര്‍എസ്എസുകാരും തീവ്ര സലഫികളുമെന്ന് പി ജയരാജന്‍

Update: 2021-04-17 15:10 GMT

കണ്ണൂര്‍: പയ്യന്നൂരിനു സമീപം കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ടുകാവിലെ വിഷുവിളക്കിനോടനുബന്ധിച്ച് 'അമ്പലപ്പറമ്പില്‍ മുസ് ലിംകള്‍ക്ക് പ്രവേശനമില്ലെ'ന്ന വിവാദ ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. 'മുസ് ലിംകള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ് വച്ചതില്‍ മനസാ സന്തോഷിക്കുന്നവര്‍ ആര്‍എസ്എസുകാരും മുസ് ലിം സമുദായത്തിലെ തീവ്ര സലഫികളും മറ്റുമാണെന്നാണ് പി ജയരാജന്റെ വാദം. കാരണം മനുഷ്യരെ വ്യത്യസ്ത അറകളിലാക്കി മാറ്റുന്നതിലാണ് അവര്‍ക്ക് താല്‍പര്യമെന്നും അദ്ദേഹം പറയുന്നു.

    സിപിഎം ശക്തി കേന്ദ്രത്തിലെ ബോര്‍ഡ് വിവാദമായപ്പോള്‍ പ്രതിരോധത്തിലായ പാര്‍ട്ടിയെ സംരക്ഷിക്കാന്‍, അവിടെ പ്രവര്‍ത്തിക്കുന്ന കമ്മറ്റിയില്‍ നാനാ രാഷ്ട്രീയ അഭിപ്രായക്കാരുണ്ടെന്നാണ് ജയരാജന്റെ ന്യായീകരണം. എന്നാലും സിപിഎം നിയന്ത്രണത്തിലുള്ള കാവ് കമ്മിറ്റി എന്ന് പറയുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് എല്ലാവര്‍ക്കും മനസ്സിലാവും. മഹാഭൂരിപക്ഷം ക്ഷേത്രങ്ങളിലും കാവുകളിലും എല്ലാ മതത്തിലും സമുദായത്തില്‍ പെട്ടവരും ഉല്‍സവങ്ങളില്‍ പങ്കെടുക്കാറുണ്ട്. ഉറൂസുകളിലും നേര്‍ച്ചകളിലും ഇത് തന്നെ അനുഭവം. ശ്രീനാരായണ ഗുരു ശിലയിട്ട തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ഉല്‍സവ സമയങ്ങളില്‍ 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡുണ്ടായിരുന്നു. അത് നീക്കം ചെയ്യാന്‍ വേണ്ടി സ്വാമി ആനന്ദ തീര്‍ത്ഥ സത്യാഗ്രഹമിരുന്നത് ചരിത്രം. ക്ഷേത്ര കമ്മിറ്റി അദ്ദേഹം ഉള്‍പ്പടെയുള്ള ശ്രീനാരായണീയരുടെ ആവശ്യം ശ്രദ്ധയോടെ കേട്ടു. അതനുസരിച്ച് പ്രവര്‍ത്തിച്ചു. ഇപ്പോള്‍ അവിടെ ആ ബോര്‍ഡ് നിലവിലില്ല. സൗഹാര്‍ദ്ദപരമായ തീരുമാനം കൈക്കൊള്ളുമെന്ന് ഇപ്പോള്‍ ക്ഷേത്ര കമ്മറ്റി പ്രസ്താവിച്ചിരിക്കുകയാണ്. ആ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും പി ജയരാജന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

    ഹിന്ദുത്വ മനസ്സുള്ള സിപിഎമ്മുകാരുടെ പ്രവൃത്തിയാണിതെന്നു വ്യാപക വിമര്‍ശനം ഉയരുന്നതിനിടെ, ആര്‍എസ്എസിനൊപ്പം സലഫി വിഭാഗത്തെയും കൂട്ടിയോജിപ്പിച്ച് പ്രസ്താവന ഇറക്കിയത് വിമര്‍ശനത്തിനിടയാക്കും. കഴിഞ്ഞ ദിവസം ആലപ്പുഴ വള്ളിക്കുന്നത്ത് ആര്‍എസ്എസുകാര്‍ അമ്പലപ്പറമ്പിലിട്ട് 15കാരനായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലും പി ജയരാജന്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ എന്നായിരുന്നു വിശേഷിപ്പിച്ചത്. നേരത്തേ മുസ് ലിംകള്‍ പ്രതിസ്ഥാനത്തുള്ള ചില കൊലക്കേസുകളില്‍ മുസ് ലിം ലീഗ് പ്രവര്‍ത്തകരെ പോലും തീവ്രവാദികള്‍ എന്നാണു പി ജയരാജന്‍ വിശേഷിപ്പിച്ചിരുന്നത്.

'Muslims have no permit' board: P Jayarajan critics RSS and extremist Salafis

Tags:    

Similar News