സാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം നടത്തുന്നു: അന്‍സാരി ഏനാത്ത്

Update: 2024-05-10 10:22 GMT

തിരുവനന്തപുരം: ഭരണഘടനാനുസൃത സാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതു സര്‍ക്കാര്‍ ആസൂത്രിത ശ്രമം നടത്തുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം അന്‍സാരി ഏനാത്ത്. ഇടതു സര്‍ക്കാരിന്റെ മുസ് ലിം സംവരണ അട്ടിമറിക്കെതിരേ എസ്ഡിപിഐ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശ്രിത നിയമനത്തിന്റെ മറവില്‍ വീണ്ടും മുസ് ലിം സംവരണം വെട്ടിക്കുറയ്ക്കാനുള്ള നീക്കം സംവരണ അട്ടിമറിയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഭിന്നശേഷി സംവരണത്തിനായി മുസ് ലിം സംവരണ റൊട്ടേഷന്‍ തന്നെ തിരഞ്ഞെടുത്തതുവഴി രണ്ടു ശതമാനം കുറവ് വരുത്താനുള്ള തീരുമാനം നാളിതുവരെ തിരുത്തിയിട്ടില്ല. ഇതിനിടെയാണ് ആശ്രിത നിയമനത്തിന്റെ പേരിലും മുസ് ലിം ക്വാട്ട തട്ടിയെടുക്കാനുള്ള ശ്രമം നടക്കുന്നത്. സവര്‍ണ ഉദ്യോഗസ്ഥരാല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണ പരിഷ്‌കാര കമ്മീഷന്റെ ഗൂഢപദ്ധതികളാണ് ഇടതുസര്‍ക്കാര്‍ നടപ്പാക്കുന്നത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സാമൂഹിക വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരികയെന്ന ജനാധിപത്യപരമായ താല്‍പര്യമാണ് സംവരണത്തിന്റെ മാനദണ്ഡം. രാജ്യത്ത് മതാടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കുന്നു എന്നത് അടിസ്ഥാന രഹിതമായ പ്രചാരണമാണ്. മുസ് ലിംകള്‍ക്ക് സംവരണമില്ലാത്ത വിവിധ സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. മോദി പറയുന്നത് അതേപടി ശിരസാവഹിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയിരിക്കുകയാണ്. സാമ്പത്തിക സംവരണമെന്ന സവര്‍ണ സംവരണം നടപ്പാക്കാനുള്ള നിയമം മോദി പാസ്സാക്കിയ ഉടന്‍ തന്നെ അത് ഇടതു സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. മുസ് ലിംകളുടെ മാത്രമല്ല ദലിത്, ആദിവാസി ഉള്‍പ്പെടെയുള്ള സംവരണീയ വിഭാഗങ്ങളുടെ അവകാശങ്ങളും ആനുകുല്യങ്ങളും ഇടതുസര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. സാമൂഹിക സംവരണം അട്ടിമറിക്കാനുള്ള ഏതൊരു നീക്കത്തിനെതിരെയും എസ്ഡിപിഐ ശക്തമായ പ്രക്ഷോഭത്തിലൂടെ തെരുവുകള്‍ സ്തംഭിപ്പിക്കുമെന്നും അന്‍സാരി ഏനാത്ത് പറഞ്ഞു. ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, ജില്ലാ ജനറല്‍ സെക്രട്ടറി ഓര്‍ഗനൈസിങ് നസീര്‍ കല്ലമ്പലം സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തു നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമാപിച്ചു.

Tags:    

Similar News