ഗുജറാത്ത് നിയമസഭയില്‍ 'ലൗജിഹാദ്' ബില്ല് കീറിയെറിഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ

മുസ്‌ലിം പെണ്‍കുട്ടികള്‍ മതംമാറി വിവാഹം കഴിച്ച നൂറിലധികം സാക്ഷ്യങ്ങള്‍ തനിക്കും പറയാനുണ്ടെന്നും ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ ഇമ്രാന്‍ പറഞ്ഞു.

Update: 2021-04-01 19:01 GMT

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ 'ലൗജിഹാദ്' ബില്ല് കീറിയെറിഞ്ഞ് കോണ്‍ഗ്രസിന്റെ മുസ്‌ലിം എംഎല്‍എ ഇമ്രാന്‍ ഖെദാവാലയുടെ പ്രതിഷേധം. ബജറ്റ് സമ്മേളനത്തിന്റെ സമാപന ദിനമായ ഇന്ന് ഭരണകക്ഷിയായ ബിജെപി 'ലൗജിഹാദ്' ബില്ല് എന്ന 2003ലെ 'ധര്‍മ്മ സ്വതന്ത്ര' (മതസ്വാതന്ത്ര്യം) നിയമ ഭേദഗതി ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്. ഒരു പ്രത്യേക സമുദായത്തിലെ പുരുഷന്മാര്‍ ഹിന്ദു സമുദായത്തിലെ പെണ്‍കുട്ടികളെ ലക്ഷ്യമിടുന്നതായി ബില്ല് അവതരിപ്പിച്ച് ആഭ്യന്തരമന്ത്രി പ്രദീപ്‌സിങ് ജഡേജ പരാമര്‍ശിച്ചിരുന്നു.

'ഏത് സമുദായത്തില്‍ പെട്ടവരായാലും പെണ്‍കുട്ടികള്‍ തങ്ങളുടേതെന്ന പോലെയാണെന്നും മുസ്‌ലിം പെണ്‍കുട്ടികള്‍ മതംമാറി വിവാഹം കഴിച്ച നൂറിലധികം സാക്ഷ്യങ്ങള്‍ തനിക്കും പറയാനുണ്ടെന്നും ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ ഇമ്രാന്‍ പറഞ്ഞു. മന്ത്രിയുടെ വാക്കുകള്‍ തന്നെ വല്ലാതെ വേദനിപ്പിക്കുന്നതായും ഇമ്രാന്‍ ചൂണ്ടിക്കാട്ടി.

ഇതുകേട്ട സഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി കോണ്‍ഗ്രസ് നിയമസഭാംഗത്തെ തടസ്സപ്പെടുത്തിയെങ്കിലും ഖേദാവാല അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉറച്ചുനിന്നു. ആരെയെങ്കിലും നിര്‍ബന്ധിച്ച് മതംമാറ്റി വിവാഹം കഴിക്കാന്‍ ആര്‍ക്കും കഴിയില്ല. ആരെയെങ്കിലും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി വിവാഹം കഴിക്കാന്‍ ഒരു മതത്തിലും എഴുതിവച്ചിട്ടില്ല. ഈ ബില്ലില്‍ ഒരു സമുദായത്തെ 'ജിഹാദി' പോലുള്ള വാക്കുകള്‍ ഉപയോഗിച്ച് പ്രത്യേകമായി ലക്ഷ്യംവച്ചു.ഈ ബില്ലിനെ താന്‍ എതിര്‍ക്കുന്നു, അതിന്റെ പകര്‍പ്പ് താന്‍ വലിച്ചുകീറുന്നുവെന്നും പകര്‍പ്പ് കീറിയെറിഞ്ഞ് ഇമ്രാന്‍ പ്രഖ്യാപിച്ചു.

ഇത്തരത്തില്‍, യുപിയും മധ്യപ്രദേശും പാസാക്കിയ നിയമങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലിരിക്കെയാണ് സമാനനിയമം ഗുജറാത്ത് നിയമസഭയില്‍ അവതരിപ്പിച്ചത്.

. മെച്ചപ്പെട്ട ജീവിതവും ദൈവകൃപയും വാഗ്ദാനം ചെയ്യുന്നതും മതം മാറ്റത്തിനുള്ള പ്രേരിപ്പിക്കലെന്നു കണക്കാക്കി കുറ്റകരമാക്കുന്നതാണ് ബില്ല്. മതംമാറ്റം ലക്ഷ്യമിട്ടു സ്ത്രീകളെ വിവാഹത്തിനു പ്രേരിപ്പിക്കുന്ന പ്രവണത വര്‍ധിക്കുന്നുവെന്നതാണു പുതിയ ഭേദഗതിക്കു പറയുന്ന കാരണം. നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് പരമാവധി 10 വര്‍ഷം വരെ തടവും 5 ലക്ഷം രൂപയുമാണു ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ള ശിക്ഷ. കുറ്റക്കാര്‍ക്കു ജാമ്യമില്ല.പണമുള്‍പ്പെടെയുള്ള സമ്മാനങ്ങള്‍, പ്രതിഫലം, ആനുകൂല്യങ്ങള്‍ തുടങ്ങിയവയാണു ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമത്തില്‍ (2003) പ്രലോഭനങ്ങളായി നിര്‍വചിച്ചിട്ടുള്ളത്. മതം മാറണമെങ്കില്‍ ജില്ലാ മജിസ്‌ട്രേട്ടിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നു നിലവിലെ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

Tags:    

Similar News