ജയ് ശ്രീറാം വിളിച്ചില്ല; മകളുടെ മുന്നിലിട്ട് മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ച് ബജ്‌റംഗ് ദള്‍

അടുത്തകാലത്തായി ഇവരുടെ കേസില്‍ ഇടപ്പെട്ട ബജ്‌റംഗ് ദള്‍ മുസ്‌ലിം കുടുംബത്തിനെതിരേ ലൗ ജിഹാദ് ആരോപണം ഉന്നയിക്കുകയും നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിവരുന്നതായി പ്രചരിപ്പിക്കുകയുമായിരുന്നു.

Update: 2021-08-12 13:04 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ 'ജയ്ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം യുവാവിന് ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് മുസ്‌ലിം യുവാവിനെ ജയ് ശ്രീറാം വിളിപ്പിക്കുകയും തെരുവിലൂടെ നടത്തിച്ച് മര്‍ദിക്കുകയും ചെയ്തത്. വാവിട്ടു കരയുന്ന ഇദ്ദേഹത്തിന്റെ കുഞ്ഞുമകളുടെ മുന്നിലിട്ടായിരുന്നു ബജ്‌റംഗ് ദളിന്റെ മനുഷ്യത്വ വിരുദ്ധത അരങ്ങേറിയത്.

ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. പ്രദേശത്ത് യുവതികളെ മുസ്‌ലിംകള്‍ മതപരിവര്‍ത്തനം നടത്തുന്നതായി ബജ്‌റംഗ് ദള്‍ നേരത്തെ ആരോപിച്ചിരുന്നു. ഗ്രാമത്തില്‍ നടന്ന ബജ്‌റംഗ് ദളിന്റെ യോഗം അവസാനിച്ചതിന് പിന്നാലെയാണ് അക്രമം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.

ഹിന്ദുത്വ ആക്രമണത്തിനിടെ പോലിസെത്തി ഇയാളെയും മകളെയും രക്ഷിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരാതിയില്‍ പത്തു പേര്‍ക്കെതിരേ കേസ് എടുത്തതായി പോലിസ് പറഞ്ഞു. കാണ്‍പൂരിലെ ഇ റിക്ഷ െ്രെഡവര്‍ക്കാണ് മര്‍ദനേറ്റതെന്ന് പോലിസ് പറഞ്ഞു. റിക്ഷ ഓടിക്കുന്നതിനിടെ ഒരു സംഘം വന്ന് അസഭ്യം പറയുകയും തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് ഇയാള്‍ പോലിസിന് മൊഴിനല്‍കി.

ഗ്രാമത്തിലുള്ള ഇദ്ദേഹത്തിന്റെ ബന്ധു, ഹിന്ദുവായ അയല്‍ക്കാരനുമായി നിയമതര്‍ക്കത്തിലാണെന്നും കഴിഞ്ഞ മാസം മുതല്‍ കേസ് നടന്നുവരികയായിരുന്നുവെന്നും കാണ്‍പൂര്‍ പോലിസ് പറയുന്നു. അടുത്തകാലത്തായി ഇവരുടെ കേസില്‍ ഇടപ്പെട്ട ബജ്‌റംഗ് ദള്‍ മുസ്‌ലിം കുടുംബത്തിനെതിരേ ലൗ ജിഹാദ് ആരോപണം ഉന്നയിക്കുകയും നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിവരുന്നതായി പ്രചരിപ്പിക്കുകയുമായിരുന്നു.