സ്വാതന്ത്ര്യസമര സേനാനികളെ രേഖകളില്‍ നിന്ന് നീക്കം ചെയ്ത നടപടി: 131 കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ മുസ്‌ലിം ലീഗ് സമരം

Update: 2021-09-16 16:08 GMT

പെരിന്തല്‍മണ്ണ: 1921ല്‍ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ മലബാറില്‍ നടന്ന വീറുറ്റ പോരാട്ടത്തില്‍ രാജ്യത്തിനായി ജീവന്‍ ത്യജിച്ച രക്തസാക്ഷികളെ സ്വാതന്ത്രസമര സേനാനികളുടെ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ശനിയാഴ്ച മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ 131 കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സമരം നടത്തും. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍, പോസ്റ്റ് ഓഫീസുകള്‍, ബി എസ് എന്‍ എല്‍ ഓഫീസുകള്‍, റയില്‍വെ സ്‌റ്റേഷനുകള്‍, ദൂരദര്‍ശന്‍ കേന്ദ്രം തുടങ്ങിയവക്ക് മുന്നിലാണ് സമരം.

മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിന് മുന്നിലെ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജന: സിക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സമരങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.

മലപ്പുറം മണ്ഡലത്തില്‍ മറ്റ് 8 കേന്ദ്രങ്ങളില്‍ സമരമുണ്ട്. നിലമ്പൂര്‍ (19 ), വണ്ടൂര്‍ (9 ), ഏറനാട് (10 ), മങ്കട ( 9), വേങ്ങര ( 8), കുണ്ടോട്ടി (7 ), താനൂര്‍ ( 7 ), തിരൂര്‍ (6), കോട്ടക്കല്‍ (7), പെരിന്തല്‍മണ്ണ ( 7 ), മഞ്ചേരി (8 ), തവനൂര്‍ ( 7 ), വള്ളിക്കുന്ന് ( 7 ), തിരൂരങ്ങാടി ( 6) എന്നീ മണ്ഡലങ്ങളില്‍ സമരം നടക്കും.

കാലത്ത് 10 മണിക്ക് കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഭാരവാഹികളും നേതാക്കളും പ്രധാന പ്രവര്‍ത്തകരും മാത്രമാണ് സമരത്തില്‍ പങ്കെടുക്കുകയെന്ന് ജില്ലാ മുസ്‌ലിം ലീഗ് ജന: സെക്രട്ടറി അഡ്വ: യു എ ലത്തീഫ് അറിയിച്ചു.

Tags: