മുസ്‌ലിം ലീഗിനോടുള്ള സമീപനം; ബിജെപിയില്‍ ഭിന്നത രൂക്ഷം
മോദി സര്‍ക്കാരിനേയും അംഗീകരിക്കുന്ന ഒപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള ആര്‍ക്കും ഘടകകക്ഷിയായി വരാമല്ലോ. ഒരു പൊതുമിനിമം പരിപാടിക്ക് അനുസരിച്ചാണ് മുന്നണിയെന്ന് കെ സുരേന്ദ്രനെതിരേ കുമ്മനം രാജശേഖരന്‍ രംഗത്തുവന്നു.
കോഴിക്കോട്: മുസ്‌ലിം ലീഗിനോടുള്ള സമീപനത്തില്‍ ബിജെപിയില്‍ ഭിന്നത രൂക്ഷം. മുസ്‌ലിം ലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രനെയും കുമ്മനം രാജശേഖരനെയും തള്ളി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ലീഗ് വര്‍ഗീയ പാര്‍ട്ടി തന്നെയാണെന്നും അവരുമായി ഒരു ബന്ധത്തിനും ബിജെപി തയ്യാറല്ലെന്ന് പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.
ലീഗ് ദേശീയധാര അംഗീകരിച്ച് എന്‍ഡിഎയോടൊപ്പം വരാന്‍ തയ്യാറായാല്‍ കശ്മീരില്‍ പിഡിപിയെ സ്വീകരിച്ച പോലെ മുന്നണിയുടെ ഭാഗമാക്കുമെന്നാണ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. താന്‍ മുസ്‌ലിം ലീഗിനെ സംബന്ധിച്ച് പറഞ്ഞ നിലപാട് എന്നത് ഭാവി കേരളത്തില്‍ ഭരണകൂടത്തിന് നേതൃത്വം കൊടുക്കാന്‍ പോകുന്ന ഒരു പാര്‍ട്ടിയുടെ നിലപാടാണ്. ആ നിലപാടില്‍ എന്താണ് തെറ്റുള്ളതെന്നും ശോഭ ചോദിച്ചു.
ബിജെപിക്ക് കൃത്യമായ നയമുണ്ട്. കൃത്യമായ ആ നയത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ സംസ്ഥാനങ്ങളില്‍ നമ്മുടെ മുന്നണിയിലേക്ക് പാര്‍ട്ടികള്‍ കടന്നുവരുന്നത്. ഞാന്‍ മുസ്‌ലിം ലീഗിനെ സംബന്ധിച്ച് പറഞ്ഞ നിലപാട് എന്നത് ഭാവി കേരളത്തില്‍ ഭരണകൂടത്തിന് നേതൃത്വം കൊടുക്കാന്‍ പോകുന്ന ഒരു പാര്‍ട്ടിയുടെ നിലപാടാണ്. ആ നിലപാടില്‍ എന്താണ് തെറ്റുള്ളത്? മുസ്ലീം ലീഗ് എന്നത് വര്‍ഗീയ പാര്‍ട്ടിയാണ്. എന്നാല്‍ ആ വര്‍ഗീയ നിലപാട് തിരുത്തിക്കൊണ്ട് മുസ്‌ലിം ലീഗ് ഈ രാജ്യത്തിന്റെ ദേശീയത ഉള്‍ക്കൊണ്ടുകൊണ്ട് നരേന്ദ്ര മോദിയുടെ നയങ്ങള്‍ ഞങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കടന്നുവരുമ്പോള്‍ ആ മുസ്‌ലിം ലീഗിനേയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഏകാത്മ മാനവ ദര്‍ശനമാണ് ബിജെപിയുടെ മുഖമുദ്ര എന്നാണ് താന്‍ സംസാരിച്ചതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ആമാശയത്തിന്റെ കാര്യം മാത്രം നോക്കുന്ന, രാഷ്ട്രീയത്തിലെ തങ്ക ഗോപുരങ്ങള്‍ മാത്രം കീഴടക്കാന്‍ നടക്കുന്ന ശ്രീമാന്‍ മുരളീധരന് ഒരു പക്ഷെ അതിന്റെ അര്‍ത്ഥം മനസിലായിട്ടില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം എനിക്കല്ല. കാര്യങ്ങള്‍ കുറച്ചുകൂടി നന്നായി പഠിച്ചാല്‍ മുരളീധരന് നന്നായിരിക്കും. ഞങ്ങള്‍ നാഷണല്‍ കോണ്‍ഫറന്‍സുമായി കശ്മീരില്‍ ഭരിച്ചിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ഭീകരത ഉപേക്ഷിച്ച് ദേശീയതയിലേക്ക് കടന്നുവരാന്‍ കശ്മീരിലെ ചില കക്ഷികള്‍ തയ്യാറായപ്പോള്‍ അവരുമായി ചര്‍ച്ച നടത്താന്‍ വേണ്ടി അഖിലേന്ത്യാ നേതൃത്വം റാം മാധവിനെ നിയോഗിച്ചിട്ടുണ്ട്. അദ്ദേഹം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നുവെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലീഗ് എന്‍ഡിഎയില്‍ എന്ന സാധ്യത ഭാവിയില്‍ പോലുമുണ്ടാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. മുസ്‌ലിം ലീഗുമായും സിപിഎമ്മുമായും ബിജെപിക്കോ എന്‍ഡിഎയ്‌ക്കോ ഒരു ബന്ധവും ഉണ്ടാകില്ല. ആ പാര്‍ട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ച് ബിജെപിയിലേക്ക് വരാമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
എന്നാല്‍ ബിജെപിയേയും മോദി സര്‍ക്കാരിനേയും അംഗീകരിക്കാന്‍ തയ്യാറുള്ളവരാണ് എന്‍ഡിഎയിലേക്ക് വരാന്‍ തയ്യാറാകുന്നത്. അങ്ങനെ ബിജെപിയുടെ ആശയത്തേയും മോദി സര്‍ക്കാരിനേയും അംഗീകരിക്കുന്ന ഒപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള ആര്‍ക്കും ഘടകകക്ഷിയായി വരാമല്ലോ. ഒരു പൊതുമിനിമം പരിപാടിക്ക് അനുസരിച്ചാണ് മുന്നണിയെന്ന് കെ സുരേന്ദ്രനെതിരേ കുമ്മനം രാജശേഖരന്‍ രംഗത്തുവന്നു.
സങ്കല്‍പ്പത്തില്‍ പോലും നടക്കാത്ത ലീഗിന്റെ എന്‍ഡിഎ പ്രവേശനത്തെ ചൊല്ലി നടക്കുന്ന തര്‍ക്കം ബിജെപി ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്ന നിലപാടാണ് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നോട്ട് വയ്ക്കുന്നത്. കേരളത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ലാദ് ജോഷി വിഷയത്തില്‍ പരസ്യമായി രംഗത്തുവന്നത് ചൂണ്ടിക്കാട്ടിയാണ് മുസ്‌ലിംകളെ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ നടത്തുന്ന ഗൂഡാലോചനയുടെ ഫലമായാണ് ഇത്തരം നീക്കമെന്ന നിലപാടുമായി രാഷ്ട്രീയ നിരീക്ഷകര്‍ രംഗത്തുവന്നിരിക്കുന്നത്.

