തബ്‌ലീഗ് ജമാഅത്ത് നേതാക്കള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന് മുസ്‌ലിം ബുദ്ധിജീവികള്‍

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ എവിടെയാണോ അവിടെ തുടരാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് എന്നിരിക്കെ ഒരാള്‍ ആ സമയത്ത് ഒരാള്‍ താമസിച്ചിരുന്നിടത്ത് തുടരുന്നത് ക്രിമിനല്‍ നടപടിയായി കണക്കാക്കാന്‍ ആവില്ല.

Update: 2020-04-03 05:54 GMT

ന്യൂഡല്‍ഹി: ഭീതിജനകമാം വിധം പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് വ്യാപനം തടഞ്ഞുനിര്‍ത്താനുള്ള സര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കുമ്പോള്‍ തന്നെ വൈറസ് വ്യാപനത്തിന് ഇടയാക്കിയെന്ന് ആരോപിച്ച് തബ്‌ലീഗ് ജമാഅത്ത് നേതാക്കള്‍ക്കെതിരേ എടുത്ത കേസ് റദ്ദാക്കണമെന്ന് ഒരു കൂട്ടം മുസ്ലിം ബുദ്ധിജീവികളും നേതാക്കളും ആവശ്യപ്പെട്ടു. രാജ്യം സാധാരണ നില കൈവരിക്കുന്നത് വരെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും തബ്‌ലീഗ് ജമാഅത്ത് നേതാക്കളോട് സംഘം അഭ്യര്‍ഥിച്ചു.

ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം എവിടെയാണോ അവിടെ തങ്ങണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതു പ്രകാരം ജനങ്ങള്‍ മര്‍ക്കസ് നിസാമുദ്ധീന്‍, ജമ്മുവിലെ വാശിനോ ദേവി, ഡല്‍ഹിയിലെ മജ്‌നു കാ തിലയിലെ ഗുരുദ്വാര എന്നിവിടങ്ങളില്‍ അഭയം തേടിയിരുന്നതായി അവര്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ എവിടെയാണോ അവിടെ തുടരാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് എന്നിരിക്കെ ഒരാള്‍ ആ സമയത്ത് ഒരാള്‍ താമസിച്ചിരുന്നിടത്ത് തുടരുന്നത് ക്രിമിനല്‍ നടപടിയായി കണക്കാക്കാന്‍ ആവില്ല. അവര്‍ ഒളിവില്‍ പോയതല്ലെന്നും അവര്‍ അവിടെ അഭയം തേടുകയായിരുന്നുവെന്നും എല്ലാവര്‍ക്കും സംഭഴിച്ചത് അതാണെന്നും പ്രസ്താവനയില്‍ അവര്‍ വ്യക്തമാക്കി. പെട്ടെന്നുള്ള ലോക്ക് ഡൗണിന്റെ ഫലമായി ഗതാഗതം ലഭ്യമല്ലാത്തതിനാല്‍ എല്ലാവര്‍ക്കും വീട്ടിലേക്ക് പോകാന്‍ കഴിഞ്ഞില്ല.

ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് ജമാഅത്ത് നേതാക്കള്‍ക്കെതിരേ സമര്‍പ്പിച്ച എഫ്ഐആര്‍ ഒഴിവാക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. തെറ്റ് കണ്ടെത്താനുള്ള സമയമല്ല ഇതെന്നും മറിച്ച് ദുരിതത്തിലായവര്‍ക്ക് കഴിയുന്നത്ര ആശ്വാസം നല്‍കുന്നതിലാവണം നമ്മുടെ ശ്രദ്ധയെന്നും സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി.

കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ഈ ഘട്ടത്തില്‍ വിദ്വേഷ പ്രാചരണത്തില്‍നിന്നു വിട്ടുനില്‍ക്കണമെന്നും സംഘം ആവശ്യപ്പെട്ടു. മാനവരാശിയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധി നേരിടുമ്പോള്‍ വിഷയത്തില്‍ വിഭാഗീയ സൃഷ്ടിക്കാനുള്ള ഏതൊരു ശ്രമവും വൈറസിനെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നും സംഘം ചൂണ്ടിക്കാട്ടി.

ഡ്ല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍, ജോധ്പൂരിലെ മൗലാന ആസാദ് യൂനിവേഴ്‌സിറ്റി പ്രസിഡന്റ് പ്രഫ. അക്തറുല്‍ വാസി, ഹ്യൂമന്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് പ്രഫ. മുഹ്‌സിന്‍ ഉസ്മാനി നദ്‌വി, എഎംയു, കെ എ നിസാമി സെന്റര്‍ ഫോര്‍ ഖുര്‍ആനിക് സ്റ്റഡീസ് ഡയറക്ടര്‍ പ്രഫ. എ. ആര്‍. കിദ്വായ്, അഖിലേന്ത്യാ ഉറുദു എഡിറ്റേഴ്‌സ് കോണ്‍ഫ്രന്‍സ് സെക്രട്ടറി മസൂം മൊറാദാബാദി, ഡെയ്ലി സിയാസത്ത് ഹൈദരാബാദ് മാനേജിംഗ് എഡിറ്റര്‍ സഹീറുദ്ദീന്‍ അലി ഖാന്‍, ജാമിഅ മില്ലിയ ഇസ്‌ലാമിയ ഇസ്ലാമിക് സ്റ്റഡീസ് ഡിപാര്‍ട്ട്‌മെന്റ് പ്രഫ. ഇക്തദര്‍ മുഹമ്മദ്. ഖാന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.  

Tags:    

Similar News