ആലപ്പുഴയിലെ കൊലപാതകങ്ങള്‍: പ്രശ്നസാഹചര്യം നേരിടാന്‍ തയ്യാറാകാന്‍ പോലിസിന് നിര്‍ദേശം

ഒരു ബറ്റാലിയനില്‍ കുറഞ്ഞത് രണ്ട് പ്ലാറ്റൂണുകളെയെങ്കിലും തയ്യാറാക്കി നിര്‍ത്തണമെന്നാണ് നിര്‍ദേശം.

Update: 2021-12-20 14:09 GMT

തിരുവനന്തപുരം: ആലപ്പുഴയില്‍ ബിജെപി.- എസ്ഡിപിഐ നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി പോലിസ് മേധാവി അനില്‍കാന്ത്. ഏതുതരം സാഹചര്യവും നേരിടാന്‍ തയ്യാറായി നില്‍ക്കാന്‍ സായുധ ബറ്റാലിയനുകള്‍ക്ക് നിര്‍ദേശം നല്‍കി.

ഒരു ബറ്റാലിയനില്‍ കുറഞ്ഞത് രണ്ട് പ്ലാറ്റൂണുകളെയെങ്കിലും തയ്യാറാക്കി നിര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. പോലിസ് ആസ്ഥാനത്തു നിന്ന് അടിയന്തര നിര്‍ദേശം ലഭിച്ചാല്‍ അഞ്ചു മിനിറ്റിനുള്ളില്‍ നീങ്ങാന്‍ പറ്റുന്ന രീതിയില്‍ പ്ലാറ്റൂണുകള്‍ സജ്ജരായിരിക്കണമെന്ന് നിർദേശത്തില്‍ പറയുന്നു.

കലാപം നേരിടാനുള്ള ഉപകരണങ്ങള്‍ സഹിതമാണ് തയ്യാറകേണ്ടത്. ഇതിന് പുറമെ പോലിസുകാരുടെ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും അവധിയിലുള്ളവരെ തിരികെ വിളിക്കാനും ക്രമസമാധാനനില കണക്കിലെടുത്ത് ഇന്നലെ പോലിസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു.