യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ കൊലപാതകം; ആണ്‍സുഹൃത്ത് അറസ്റ്റില്‍

Update: 2025-03-03 06:11 GMT

ഹരിയാന: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹിമാനി നര്‍വാള്‍ കൊലപാതക കേസില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി. ഹരിയാന ബഹദൂര്‍ഖണ്ഡ് സ്വദേശിയാണ് പിടിയിലായത്. ഹിമാനി ഇയാളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തത് കൊലയ്ക്ക് കാരണമായെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്ത് വിട്ടിട്ടില്ല.

ഹിമാനിയെ കൊലപ്പെടുത്തിയവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ഹിമാനിയുടെ കുടുംബം ആവശ്യപ്പെട്ടു. 'നിരവധി തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് നീതി വേണം. ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയാരാണെന്ന് ഇപ്പോഴും ഞങ്ങള്‍ക്ക് അറിയില്ല. പോലീസ് യാതൊരു വിവരവും നല്‍കുന്നില്ല. ഹിമാനിയെ കൊലപ്പെടുത്തിയവര്‍ക്ക് വധശിക്ഷ നല്‍കണം''- ഹിമാനിയുടെ സഹോദരന്‍ ജതിന്‍ ദേശീയ മാധ്യമമായ എഎന്‍ഐയോട് പറഞ്ഞു.

പ്രതിയാരാണെന്ന് അറിയുന്നത് വരെ ഹിമാനിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് ഹിമാനിയുടെ അമ്മാവന്‍ രവീന്ദര്‍ പറയുന്നത്. കഴിഞ്ഞദിവസമാണ് റോഹ്ത്തക്കിലെ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ ഹിമാനി നര്‍വാളിന്റെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. റോഹ്ത്തക്ക്-ഡല്‍ഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാന്‍ഡിന് സമീപത്തായിരുന്നു സ്യൂട്ട്‌കേസ് ഉപേക്ഷിച്ചിരുന്നത്. കൊല്ലപ്പെട്ടത് യൂത്ത് കോണ്‍ഗ്രസ് നേതാവായ ഹിമാനിയാണെന്ന് പോലിസ് അന്വേഷണത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു.