'എന്തിന് ഇങ്ങനെയൊരു ഭരണം'; സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് ഇടതു സൈബര്‍ പേജുകള്‍

'ഭരണം ഉണ്ടായിട്ടും ഈ കൊലകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന സംഘി ഡ്രാക്കുളകളെ നിലക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്ത് പോകു സര്‍ക്കാരെ,' എന്നാണ് 'ഭരണം വേണ്ട, സഖാക്കളുടെ ജീവന്‍ മതി. എന്തിന് ഇങ്ങനെയൊരു ഭരണം?' എന്ന പോസ്റ്റര്‍ പങ്കുവെച്ച് പോരാളി ഷാജി ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Update: 2022-02-21 11:37 GMT

കോഴിക്കോട്: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ വെട്ടിയും കുത്തിയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും ആഭ്യന്തര വകുപ്പിനേയും കടന്നാക്രമിച്ച് ഇടതു പ്രൊഫൈലുകളും സൈബര്‍ പേജുകളും. ഇടതുപക്ഷ സര്‍ക്കാരിനുവേണ്ടി സൈബര്‍ ഇടങ്ങളില്‍ ശക്തമായ പ്രതിരോധ തീര്‍ക്കുന്ന പോരാളി ഷാജി അടക്കമുള്ള പേജുകളാണ് സംസ്ഥാന സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.

ഹരിദാസിന്റെ കൊലപാതകത്തെ അപലപിച്ച് കൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലും സിപിഎം ഇടതു പ്രവര്‍ത്തകര്‍ കടുത്ത വിമര്‍ശനം തന്നെയാണ് ഉയര്‍ത്തുന്നത്.


Full View

'ഭരണം ഉണ്ടായിട്ടും ഈ കൊലകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന സംഘി ഡ്രാക്കുളകളെ നിലക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്ത് പോകു സര്‍ക്കാരെ,' എന്നാണ് 'ഭരണം വേണ്ട, സഖാക്കളുടെ ജീവന്‍ മതി. എന്തിന് ഇങ്ങനെയൊരു ഭരണം?' എന്ന പോസ്റ്റര്‍ പങ്കുവെച്ച് പോരാളി ഷാജി ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

2016 എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ പട്ടികയും പോരാളി ഷാജി ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. 'കൊടിപിടിക്കാന്‍ എന്റെ സഖാക്കള്‍ ബാക്കി വേണം മുഖ്യമന്ത്രി,' എന്ന ഒരു പോസ്റ്ററും പാര്‍ട്ടിപ്രവര്‍ത്തര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

ഹരിദാസിന്റെ കൊലപാതകത്തെ അപലപിച്ച് കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴെയും കടുത്ത പൊങ്കാലയാണ് നടക്കുന്നത്. കൊലപാതകികളെക്കുറിച്ച് പരോക്ഷമായി പോലും സൂചന നല്‍കാതെയുള്ള പോസ്റ്റിനെതിരേയാണ് ഇടതു അനുഭാവികള്‍ ഉള്‍പ്പെടെയുള്ള രൂക്ഷ പ്രതികരണമുയര്‍ത്തിയിരിക്കുന്നത്.

'ഞാനും ശക്തമായി അപലപിക്കുന്നു. നട്ടെല്ലിന് പകരം വാഴപ്പിണ്ടി ഉള്ളവര്‍ ആഭ്യന്തരം കൈകാര്യം ചെയ്താല്‍ ഇങ്ങനെ ഉണ്ടാവും' എന്നാണ് മുഖ്യമന്ത്രിയുടെ പോസ്റ്റിനു കീഴെ ഒരാള്‍ കുറിച്ചത്.

സങ്കികളെ പേരെടുത്തു പറയാത്ത മുഖ്യന്റെ ആ നല്ല മനസ്സിനെ നമ്മള്‍ കാണാതെ പോകരുതെന്നാണ് മറ്റൊരു പ്രൊഫൈല്‍ കളിയാക്കിയിരിക്കുന്നത്.

'ഭരണമുണ്ടായിട്ട് പോലും സ്വന്തം പ്രവര്‍ത്തകര്‍ക്ക് പോലും സംരക്ഷണം നല്‍കാന്‍ സാധിക്കാത്ത ഒരു പാര്‍ട്ടി എന്ന് ആരും പുച്ഛിക്കണ്ട നിങ്ങള്‍ക്കു ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല, എന്തായാലും കുടുംബത്തിന് വന്ന തീരാ നഷ്ടത്തില്‍ അതിയായി ദു:ഖിക്കുന്നു. ശക്തമായി അപലപിക്കുന്നു' എന്നാണ് ഒരാള്‍ കുറിച്ചിട്ടുള്ളത്.

അതേസമയം, അതിനിടെ, ഹരിദാസിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു. ഇരുപതില്‍ അധികം തവണ ഹരിദാസിന് വെട്ടേറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേ വെട്ടില്‍ തന്നെ വീണ്ടും വെട്ടിയുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാന്‍ ആകാത്ത വിധം ശരീരം വികൃതമാക്കിയ നിലയിലാണ്. ഇടതുകാല്‍ മുട്ടിന് താഴെ വച്ച് അറുത്തു മാറ്റിയിട്ടുണ്ട്. വലതുകാല്‍ മുട്ടിന് താഴെ നാലിടങ്ങളില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. അരക്ക് താഴെയാണ് മുറിവുകള്‍ അധികവും ഉള്ളത്.


Full View