സഹോദരങ്ങളായ നാല് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം: ബലാല്‍സംഗം നടന്നതായി പോലിസ്

Update: 2020-10-19 11:22 GMT

മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ സഹോദരങ്ങളായ നാല് കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബലാല്‍സംഗം നടന്നതായി പോലിസ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 15നാണ് ജല്‍ഗാവ് ജില്ലാ ആസ്ഥാനത്ത് നിന്ന് 66 കിലോമീറ്റര്‍ അകലെയുള്ള റാവെര്‍ താലൂക്കിലെ ഒരു ഗ്രാമത്തിലെ ഫാമിലെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദിവാസി വിഭാഗത്തില്‍പെട്ട സഹോദരങ്ങളായ 13നും 6നും ഇടയില്‍ പ്രായമുള്ള രണ്ട് പെണ്‍കുട്ടികളും 11, 8 വയസ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവം നടന്ന നാലുദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരേ പ്രദേശത്ത് പ്രതിഷേധമുയരുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗോത്ര വിഭാഗത്തില്‍പ്പെട്ട കുട്ടികളെ അജ്ഞാതര്‍ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു. സാഹചര്യവും ശാസ്ത്രീയവുമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലപാതകക്കേസില്‍ ബലാല്‍സംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്.

    ''തെളിവുകള്‍ പരിശോധിച്ചുവരികയാണ്. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. ഉടന്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാനാവും,''-പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പ്രതാപ് ദിഘവ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണം ക്രിയാത്മക ദിശയിലേക്കാണ് നീങ്ങുന്നതെന്നും അറസ്റ്റ് ഉടന്‍ നടക്കുമെന്നും ജല്‍ഗാവ് സന്ദര്‍ശിച്ച സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ മൂത്ത മകനോടൊപ്പം ആചാരങ്ങളില്‍ പങ്കെടുക്കാന്‍ പോവുമ്പോള്‍ കുട്ടികളെ ഒരു പരിചയക്കാരനോടൊപ്പം നിര്‍ത്തിയതായിരുന്നു. പിറ്റേന്ന് രാവിലെ എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലിസിനെ വിവരമറിയിക്കുകയായിരുന്നു. 'നാലുപേരും വളരെ ചെറുപ്പമായിരുന്നു. അതിനാലാണ് ഞങ്ങള്‍ അകലെ പോവുമ്പോള്‍ അവരെ നോക്കണമെന്ന് സുഹൃത്തുക്കളോട് ആവശ്യപ്പെട്ടത്. പക്ഷേ, അവര്‍ ഈ ക്രൂരമായ പ്രവൃത്തിയാണ് ചെയ്തത്''-സഹോദരന്‍ പറഞ്ഞു. പ്രതികള്‍ക്കെതിരേ കൊലപാതകം, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Murder Of 4 Children In Maharashtra, Police Suspect Rape




Tags:    

Similar News