തലശ്ശേരിയില്‍ ലഹരി മാഫിയ ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

two-men-killed-stabbed-by-drug-mafia-in-thalassery

Update: 2022-11-23 15:43 GMT
തലശ്ശേരി: ലഹരി മാഫിയാ സംഘത്തെ ചോദ്യംചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ വെട്ടേറ്റ് രണ്ടുപേര്‍ കൊല്ലപ്പെട്ടു. തലശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് 'ത്രിവര്‍ണ ഹൗസി'ല്‍ കെ ഖാലിദ്(52), സഹോദരീ ഭര്‍ത്താവ് ത്രിവര്‍ണ ഹൗസില്‍ പൂവനാഴി ഷമീര്‍(40) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നെട്ടൂര്‍ 'സാറാസി'ല്‍ ഷാനിബി (29)നെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച വൈകിട്ട് നാലോടെ സഹകരണ ആശുപത്രിക്കടുത്താണ് ആക്രമണം. ജാക്‌സണ്‍, പാറായി ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പോലിസ് പറയുന്നത്. ലഹരിവില്‍പ്പന ചോദ്യംചെയ്ത ഷമീറിന്റെ മകന്‍ ഷബീലിനെ(20) ബുധനാഴ്ച ഉച്ചയ്ക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത ജാക്‌സണ്‍ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ ഷമീറും ഖാലിദും സുഹൃത്തുക്കളുമായി വാക്കേറ്റമുണ്ടായി. അനുരഞ്ജനത്തിനെന്ന വ്യാജേനയെത്തിയ ലഹരി മാഫിയാസംഘം ഇവരെ റോഡിലേക്ക് വിളിച്ചിറക്കി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഖാലിദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. തടയാന്‍ ശ്രമിച്ച ഷമീര്‍, ഷാനിബ് എന്നിവരെയും മാരകായുധങ്ങളുമായി ആക്രമിച്ചു. ശരീരമാസകലം വെട്ടേറ്റ ഷമീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. പരേതരായ മുഹമ്മദ്‌നബീസ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഖാലിദ്. മത്സ്യത്തൊഴിലാളിയാണ്. ഭാര്യ: സീനത്ത്. മക്കള്‍: പര്‍വീന, ഫര്‍സീന്‍. മരുമകന്‍: റമീസ് (പുന്നോല്‍). സഹോദരങ്ങള്‍: അസ്ലം ഗുരുക്കള്‍, സഹദ്, അക്ബര്‍(ഇരുവരും ടെയ്‌ലര്‍), ഫാബിത, ഷംസീന. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. പരേതരായ ഹംസആയിഷ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഷമീര്‍. ഭാര്യ: ഷംസീന. മക്കള്‍: മുഹമ്മദ് ഷബില്‍, ഫാത്തിമത്തുല്‍ ഹിബ ഷഹല്‍. സഹോദരങ്ങള്‍: നൗഷാദ്, റസിയ, ഖൈറുന്നീസ. പ്രതികളെ കണ്ടെത്താന്‍ തലശ്ശേരി, ധര്‍മ്മടം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Tags: