ലൈംഗികാരോപണ കേസ്: അനുരാഗ് കശ്യപിന് മുംബൈ പോലിസ് നോട്ടിസ് അയച്ചു

നാളെ രാവിലെ പതിനൊന്ന് മണിക്ക് വെര്‍സോവ പൊലീസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

Update: 2020-09-30 09:56 GMT

മുംബൈ: ലൈംഗിക കുറ്റകൃത്യക്കേസില്‍ സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് മുംബൈ പോലിസ്. നാളെ രാവിലെ പതിനൊന്ന് മണിക്ക് വെര്‍സോവ പൊലീസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നടി അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടി മഹാരാഷ്ട്ര ഗവര്‍ണര്‍ ബിഎസ് കോഷ്യാരിയെ നേരിട്ടു കണ്ടിരുന്നു. രാജ്യസഭാ എംപി രാംദാസ് അത്താവാലെയ്‌ക്കൊപ്പമാണ് നടി ഗവര്‍ണറെ കാണാനെത്തിയത്.

തനിക്ക് വൈ കാറ്റഗറി സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് മുംബൈ പൊലീസ് ജോയിന്റ് കമ്മീഷണറേയും നടി സമീപിച്ചിരുന്നു. തന്റെ പരാതിയില്‍ സംവിധായകന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതികരിച്ച നടി, നടപടി ഉണ്ടായില്ലെങ്കില്‍ നിരാഹാര സമരം ഇരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ നടിയുടെ ആരോപണം അനുരാഗ് കശ്യപ് നിഷേധിച്ചിരുന്നു. കെട്ടിച്ചമച്ച ആരോപണമാണ് തനിക്കെതിരെ ഉയര്‍ന്നതെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി.

2013 അനുരാഗ് കശ്യപ് മോശമായി പെരുമാറി എന്നാണ് നടിയുടെ ആരോപണം. പരാതിയില്‍ മുംബൈ പോലിസ് സെപ്റ്റംബര്‍ 22 നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ രജസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അനുരാഗ് കശ്യപ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് നടിയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് നടി ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചത്.

Tags:    

Similar News