അമിത് ഷായെ വിമർശിച്ച് സ്കിറ്റ് അഞ്ചുപേർ അറസ്റ്റിൽ

അമിത് ഷായെ അക്ഷേപഹാസ്യത്തിലൂടെ വിമർശിച്ചതിനു പിന്നാലെ ഒരു കൂട്ടം ഹിന്ദുത്വ പ്രവർത്തകർ ഷോ നിർത്തിവയ്പ്പിക്കുകയും ചെയ്യുകയായിരുന്നു.

Update: 2021-01-02 13:17 GMT

ഭോപ്പാൽ: പുതുവൽസരാഘോഷത്തിൽ അമിത് ഷായെ വിമർശിച്ച് സ്കിറ്റ് അഞ്ചുപേർ അറസ്റ്റിൽ. സ്കിറ്റ് അവതരിപ്പിച്ച ഹാസ്യനടനും നാല് സംഘാടകരുമാണ് അറസ്റ്റിലായത്. ഇൻഡോറിൽ നടന്ന ന്യൂ ഇയർ ഷോയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അക്ഷേപഹാസ്യത്തിലൂടെ വിമർശിച്ചതിനു പിന്നാലെ ഒരു കൂട്ടം ഹിന്ദുത്വ പ്രവർത്തകർ ഷോ നിർത്തിവയ്പ്പിക്കുകയും ചെയ്യുകയായിരുന്നു.

ഇൻഡോറിലെ 56 ഡുകാൻ പ്രദേശത്തെ ഒരു കഫേയിലാണ് പരിപാടി സംഘടിപ്പിച്ചത്. ഹാസ്യനടനായ മുനവർ ഫാറൂഖിയെ വെള്ളിയാഴ്ചയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പ്രാകാർ വ്യാസ്, പ്രിയം വ്യാസ്, നളിൻ യാദവ്, ഇവന്റ് കോർഡിനേറ്റർ എഡ്വിൻ ആന്റണി എന്നിവരാണ് അറസ്റ്റിലായത്.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും, മതവികാരം വ്രണപ്പെടുത്തിയതിനും അറസ്റ്റിലായവർക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമം 188, 269, 34, 295എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇൻഡോറിലെ തുക്കോഗഞ്ച് പോലിസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹിന്ദു രക്ഷക് സംഘത്തിന്റെ കൺവീനറും ബിജെപി എം‌എൽ‌എ മാലിനി ഗൗറിന്റെ മകനുമായ ഏകലവ്യ ഗൗർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.