ആഡംബര കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം: ശിവസേന നേതാവിന്റെ മകന്‍ അറസ്റ്റില്‍

Update: 2024-07-09 13:36 GMT

മുംബൈ: ആഡംബര കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരണപ്പെട്ട സംഭവത്തില്‍ ശിവസേന(ഷിന്‍ഡെ വിഭാഗം) നേതാവിന്റെ മകന്‍ അറസ്റ്റില്‍. ശിവസേന (ഷിന്‍ഡെ വിഭാഗം) നേതാവ് രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷാ(24)യാണ് അറസ്റ്റിലായത്. അപകടം നടന്ന ജൂലൈ എഴിനുശേഷം ഇയാള്‍ ഒളിവിലായിരുന്നു. പിതാവിനെ വര്‍ളി പോലിസ് അറസ്റ്റ് ചെയ്‌തെങ്കിലും തിങ്കളാഴ്ച ജാമ്യത്തില്‍ വിട്ടയച്ചു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വര്‍ളിയിലാണ് അപകടം. മിഹിര്‍ ഷാ ഓടിച്ച ബിഎംഡബ്ല്യൂ കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാവേരി എന്ന സ്ത്രീയാണ് മരണപ്പെട്ടത്. ഭര്‍ത്താവ് പ്രദീപിനൊപ്പം പോവുന്നതിനിടെയാണ് അപകടം. കാറിനടിയില്‍ കുടുങ്ങിയ കാവേരിയുമായി ഒന്നര കിലോമീറ്ററോളം ദൂരമാണ് മിഹിര്‍ ഷാ വാഹനമോടിച്ചത്. ഇതിനുശേഷം വാഹനം നിര്‍ത്തിയ പ്രതി കാറില്‍നിന്നിറങ്ങി കുരുങ്ങി കിടക്കുകയായിരുന്ന യുവതിയെ റോഡില്‍ കിടത്തി. ഇതിനുശേഷം ഡ്രൈവറാണ് വാഹനമോടിക്കുകയായിരുന്നു. മദ്യശാലയില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇറങ്ങിയ ശേഷമാണ് അപകടമെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു.

Tags: