മുല്ലപ്പെരിയാര്‍: സുപ്രിംകോടതി ഉത്തരവ് സംബന്ധിച്ച് കേന്ദ്ര ജല കമ്മിഷന്‍ കൂടിയാലോചന ആരംഭിച്ചു
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് മേല്‍നോട്ട സമിതിയുടെ അനുമതിയോടെ മാത്രമേ വെള്ളം തുറന്ന് വിടാവു എന്നാണ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറും, സി ടി രവികുമാറും അടങ്ങിയ സുപ്രിംകോടതി ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം തുറന്ന് വിടുന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നതിന് മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കുന്ന സുപ്രിംകോടതി ഉത്തരവിനെ സംബന്ധിച്ച് കേന്ദ്ര ജലകമ്മീഷന്‍ നിയമവിദഗ്ദ്ധരുമായി കൂടിയാലോചന ആരംഭിച്ചു. ഉത്തരവ് നടപ്പിലാക്കുന്നതിന് സ്വീകരിക്കേണ്ട തുടര്‍ നടപടികളെ കുറിച്ചാണ് ജലകമ്മീഷന്‍ ചര്‍ച്ചകള്‍ നടത്തുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് മേല്‍നോട്ട സമിതിയുടെ അനുമതിയോടെ മാത്രമേ വെള്ളം തുറന്ന് വിടാവു എന്നാണ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറും, സി ടി രവികുമാറും അടങ്ങിയ സുപ്രിംകോടതി ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2014ല്‍ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം നിയന്ത്രിക്കുന്നതിനുള്ള അധികാരം മേല്‍നോട്ട സമിതിക്ക് ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഈ നിലപാട് വ്യക്തതയോടെ ഉറപ്പിക്കുകയായിരുന്നു.
അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ കേരളത്തിനും, തമിഴ്‌നാടിനും വ്യത്യസ്ത നിലപാടാണ് ഉള്ളത്. അതിനാല്‍ തന്നെ ഇനി മുതല്‍ സമിതിയിലെ അംഗമായ കേന്ദ്ര ജല കമ്മീഷന്‍ പ്രതിനിധിയുടെ നിലപാട് നിര്‍ണ്ണായകമാണ്. സുപ്രിംകോടതി വിധി നടപ്പിലാക്കണം എങ്കില്‍ മേല്‍നോട്ട സമിതിക്ക് അണക്കെട്ടിലെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കേണ്ടി വരും. ഇതിനായി അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഓഫിസ് ഉള്‍പ്പടെ ആരംഭിക്കേണ്ടി വരും.
നിലവില്‍ മേല്‍നോട്ട സമിതി തമിഴ്‌നാടിന് അനുകൂലമായ തീരുമാനങ്ങള്‍ മാത്രമാണ് എടുക്കുന്നത് എന്നാണ് കേരളത്തിന്റെ പരാതി. എന്നാല്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇനി മുതല്‍ കേരളത്തിന്റെ നിലപാട് കൂടി കേട്ട ശേഷമേ മേല്‍നോട്ട സമിതിക്ക് അന്തിമ തീരുമാനം എടുക്കാന്‍ കഴിയുകയുള്ളു.
വെള്ളം തുറന്ന് വിടുന്നത് തീരുമാനിക്കാന്‍ സംയുക്ത സമിതി വേണമെന്നായിരുന്നു കേരളം സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. മേല്‍നോട്ട സമിതിയെ ശക്തിപ്പെടുത്തി വെള്ളം തുറന്ന് വിടുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ സമിതിയെ ചുമതലപ്പെടുത്തണം എന്ന് ഹര്‍ജിക്കാരനായ ജോ ജോസഫ് ആണ് സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടത്.
