ലോക ശതകോടീശ്വരന്‍മാരുടെ പട്ടിക: മുകേഷ് അംബാനിക്ക് ആറാംസ്ഥാനം

പട്ടികയില്‍ ഇടംപിടിച്ച ഏക ഏഷ്യന്‍ വംശജനും മുകേഷ് അംബാനിയാണ്

Update: 2020-07-14 14:34 GMT

ന്യൂഡല്‍ഹി: ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയിലെ ഇന്ത്യയില്‍ നിന്നുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ആറാംസ്ഥാനത്ത്. ബ്ലൂംബര്‍ഗ് സൂചികയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 5.44 ലക്ഷം കോടി രൂപ(72.4 ബില്യണ്‍ ഡോളര്‍)യാണ്. പട്ടികയില്‍ ഇടംപിടിച്ച ഏക ഏഷ്യന്‍ വംശജനും മുകേഷ് അംബാനിയാണ്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണു ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍-ആസ്തി 184 ബില്യണ്‍ ഡോളര്‍. യഥാക്രമം മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്(115 ബില്യണ്‍ ഡോളര്‍), എല്‍വിഎംഎച്ച് ചെയര്‍മാനും സിഇഒയുമായ ബെര്‍ണാഡ് അര്‍നോള്‍ട്ട്(94.5 ബില്യണ്‍ ഡോളര്‍), ഫെയ്‌സ്ബുക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്(90.8 ബില്യണ്‍ ഡോളര്‍), സ്റ്റീവ് ബള്‍മര്‍ (74.6 ബില്യണ്‍ ഡോളര്‍) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്.

    ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജ്, ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്, ഒറാക്കിള്‍ കോര്‍പ് മേധാവി ലാറി എറിസണ്‍, ഫ്രാന്‍സിലെ ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മേയേഴ്‌സ്, ചൈനീസ് കോടീശ്വരന്‍മാരായ ടെന്‍സെന്റ് മേധാവി പോണി മാ, ആലിബാബ മേധാവി ജാക്ക് മാ എന്നിവരെ പിന്തള്ളിയാണ് അംബാനി നേട്ടം കൈവരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 13 ന് അംബാനിയുടെ ആസ്തി 2.17 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 72.4 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഗൂഗിള്‍ ജിയോയില്‍ വന്‍ നിക്ഷേപം നടത്തുമെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതുകൂടി യാഥാര്‍ഥ്യമായാല്‍ പട്ടികയില്‍ മുകേഷ് അംബാനി ഇനിയും മുന്നേറ്റം നടത്തുമെന്നാണ് റിപോര്‍ട്ടുകള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ 42% ഓഹരിയുള്ള മുകേഷ് അംബാനിക്ക് ജിയോ പ്ലാറ്റ്‌ഫോംമിലേക്കുള്ള വിദേശനിക്ഷേപങ്ങളാണ് നേട്ടമായതെന്നാണ് വിലയിരുത്തല്‍. ഈയിടെയായി അമേരിക്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി കമ്പനികള്‍ ജിയോയില്‍ നിക്ഷേപം നടത്തിയിരുന്നു.

Mukesh Ambani Now World's 6th-Richest



Tags:    

Similar News