മുജാഹിദ് സംസ്ഥാന സമ്മേളനം ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍

Update: 2023-06-15 14:05 GMT

മലപ്പുറം:'വിശ്വമാനവികതയ്ക്ക് വേദവെളിച്ചം' എന്ന സന്ദേശവുമായി മുജാഹിദ്(മര്‍കസുദ്ദഅ്‌വ വിഭാഗം) സംസ്ഥാന സമ്മേളനം 2024 ജനുവരി 25,26,27,28 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ കരിപ്പൂരില്‍ നടക്കും. കഴിഞ്ഞ ദിവസം തിരൂരില്‍ ചേര്‍ന്ന മുജാഹിദ് സമ്മേളന സംഘാടക സമിതി കോര്‍ കമ്മിറ്റി യോഗമാണ് അന്തിമ തീരുമാനമെടുത്തത്. നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മളനത്തില്‍ ഏകദേശം അഞ്ച് ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തു നിന്നുമുള്ള അന്താരാഷ്ട്ര പ്രശസ്തരായ പണ്ഡിതന്മാരും ചിന്തകരും എഴുത്തുകാരും പ്രഭാഷകരും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കും. ജാതിയുടെയും മതത്തിന്റെയും പേരു പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന ദുഷ്ട ശക്തികളില്‍ നിന്നും രാജ്യത്തെ വീണ്ടെടുക്കാനുള്ള കര്‍മ പദ്ധതികള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. വര്‍ഗീയ തീവ്രവാദ ശക്തികള്‍ക്കെതിരെ വിശ്വമാനവിക സന്ദേശം പ്രചരിപ്പിക്കാനും പ്രാവര്‍ത്തിക്കമാക്കാനുമുള്ള പുതുതലമുറയെ ലക്ഷ്യംവച്ച് വിപുലമായ പ്രചാരണ ബോധവല്‍ക്കരണത്തിന് സമ്മേളനം തുടക്കം കുറിക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളന പ്രചാരണ ഭാഗമായി സംസ്ഥാനത്ത് നാലായിരത്തിലധികം ഗൃഹാങ്കണ സംഗമങ്ങള്‍ സംഘടിപ്പിക്കും. മെഡിക്കല്‍ ക്യാംപുകള്‍, രക്തദാന ക്യാംപുകള്‍, കിഡ്‌നി രോഗനിര്‍ണയ ക്യാംപുകള്‍, പുസ്തക മേളകള്‍ എന്നിവ നടത്തും. ഇതര മതവിഭാഗങ്ങളുമായി സൗഹാര്‍ദ്ദവും സഹവര്‍തിത്ത്വവും ശക്തമാക്കുന്നതിനായി റസിഡന്‍സ് അസോസിയേഷന്‍ സ്‌നേഹ സംഗമങ്ങള്‍ നടത്തും. കലാ, കായിക വൈജ്ഞാനിക മത്സരങ്ങളും പ്രബന്ധ രചനാ മത്സരങ്ങളും നടത്തും. മത, രാഷ്ട്രീയ, സാംസ്‌കാരിക നേതൃത്വങ്ങളുടെ ഗെറ്റ്റ്റുഗതര്‍, സേവന പ്രവര്‍ത്തനങ്ങള്‍ ബോധവല്‍ക്കരണ റാലികള്‍, പദയാത്രകള്‍, വാഹന സന്ദേശ പ്രയാണം തുടങ്ങിയവ നടത്തും. ജില്ലാ, മണ്ഡലം തലങ്ങളില്‍ സെമിനാറുകളും സംവാദങ്ങളും സര്‍ഗ വിരുന്നുകളും സൗഹൃദ കൂട്ടായ്മകളും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഈമാസം 23,24,25 തിയ്യതികളില്‍ സംസ്ഥാനത്തെ ആയിരത്തോളം കേന്ദ്രങ്ങളില്‍ ഇസ്വ്‌ലാഹീ എംപവര്‍മെന്റ് ഗാതറിങ് എന്ന പരിപാടി സംഘടിപ്പിക്കും.

    യോഗത്തില്‍ മുജാഹിദ് സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയര്‍മാന്‍ പാറപ്പുറത്ത് ബാവഹാജി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സി പി ഉമര്‍ സുല്ലമി ആമുഖ ഭാഷണം നടത്തി. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കേരള ജംഇയ്യത്തുല്‍ ഉലമ പ്രഫ. എ അബ്ദുല്‍ ഹമീദ് മദീനി, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സി പി ഉമര്‍ സുല്ലമി, മുഖ്യ രക്ഷാധികാരി, ഡോ. ഇ കെ അഹ്മദ്കുട്ടി, ചെയര്‍മാന്‍ പാറപ്പുറത്ത് ബാവഹാജി സംബന്ധിച്ചു.

Tags: