വിവാദം; മുജാഹിദ് സമ്മേളനത്തിലെ ഉദ്ഘാടകനെ മാറ്റി

Update: 2024-02-15 07:29 GMT

മലപ്പുറം: കരിപ്പൂരില്‍ ഇന്ന് വൈകീട്ട് ആരംഭിക്കുന്ന മുജാഹിദ് മര്‍ക്കസ്സുദ്ദഅ്‌വ 10ാം സംസ്ഥാന സമ്മേളനത്തിലെ ഉദ്ഘാടകനെ വിവാദങ്ങളെ തുടര്‍ന്ന് മാറ്റി. ആഗോള പണ്ഡിതസഭാംഗം അശ്ശൈഖ് സല്‍മാന്‍ അല്‍ ഹുസയ്‌നി അന്നദ്‌വി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു ഭാരവാഹികള്‍ ആദ്യം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെ ഇദ്ദേഹത്തെ കുറിച്ച് വിവിധ തലങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഉദ്ഘാടകനെ മാറ്റിയതെന്നാണ് സൂചന. സംഘാടകസമിതി ഇന്നലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പിലും പുറത്തുവിട്ട കാര്യപരിപാടിയിലും ഉദ്ഘാടകന്റെ പേര് വ്യക്തമാക്കിയിട്ടില്ല. സമ്മേളന ബ്രോഷറില്‍ ഉദ്ഘാടകന്റെ പേരിന്റെ സ്ഥാനത്ത് വിശിഷ്ടാതിഥി എന്ന് മാത്രമാണ് ചേര്‍ത്തിട്ടുള്ളത്. സമ്മേളനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്താ കുറിപ്പിലാകട്ടെ ഉദ്ഘാടകന്റെ പേരേയില്ല എന്നതും ശ്രദ്ധേയമാണ്.

    സമ്മേളന വാര്‍ത്ത പുറത്തുവന്നത് മുതല്‍ സല്‍മാന്‍ നദ്‌വിക്കെതിരേ വ്യാപകമായ ആക്ഷേപങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഉയര്‍ന്നുവന്നിരുന്നത്. ഉത്തര്‍പ്രദേശിലെ ലഖ്‌നോ സ്വദേശിയായ സല്‍മാന്‍ നദ്‌വി ഇസ് ലാമിക് സ്റ്റേറ്റ്‌സ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ ആശയങ്ങളുടെ പ്രചാരകനാണെന്നുമായിരുന്നു വിമര്‍ശനം. ഇക്കാര്യം വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഉറുദുവില്‍ എഴുതിയ പുസ്തകങ്ങളും വിമര്‍ശകര്‍ പുറത്തുവിട്ടിരുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ ഒ അബ്ദുല്ലയാണ് ഇക്കാര്യം ആദ്യമായി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

    ദുരൂഹ സംഘടനയായ ഐഎസിനെ പിന്തുണയ്ക്കുന്ന ഒരാള്‍ മുജാഹിദ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് വലിയ വിവാദങ്ങള്‍ക്ക് കാരണമാവുമെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പ്രത്യേകിച്ച് സോളിഡാരിറ്റി ഈയിടെ നടത്തിയ പരാപാടിയില്‍ ഹമാസ് നേതാവ് ഓണ്‍ലൈനായി പ്രസംഗിച്ചതിനെ സംഘപരിവാരം വലിയ വിവാദമാക്കിയ പശ്ചാത്തലം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഇതിനുപുറമെ, സല്‍മാന്‍ നദ് വി മുജാഹിദ് വിഭാഗം അംഗീകരിക്കുന്ന അഹ്‌ലെ ഹദീസിന്റെ ആളെല്ലെന്നും തബ്‌ലീഗ് പ്രസ്ഥാനത്തിന്റെ സഹകാരിയാണെന്നും വിമര്‍ശനമുയര്‍ന്നു. മാത്രമല്ല, ബാബരി മസ്ജിദ് വിഷയത്തില്‍ ശ്രീ ശ്രീ രവിശങ്കറുമായി ചര്‍ച്ചയ്ക്കു പോയതിന്റെ പേരില്‍ ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്‌സനല്‍ ലോ ബോര്‍ഡില്‍ നിന്ന് പുറത്താക്കപ്പെട്ടതും പലരും ചൂണ്ടിക്കാട്ടിയിരുന്നു. പള്ളി മാറ്റുന്നത് ഇസ് ലാമില്‍ അനുവദീയമാണെന്ന അദ്ദേഹത്തിന്റെ അക്കാലത്തെ വാക്കുകള്‍ വലിയ വിവാദമാവുകയും ബാബരി മസ്ജിദ് ആക്ഷന്‍ കൗണ്‍സിലില്‍ നിന്നു മാറ്റി നിര്‍ത്തിയതും ചെയ്തിരുന്നു. സംഘപരിവാര ബന്ധമുള്ള പണ്ഡിതരുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ശക്തമായതോടെയാണ് മുജാഹിദ്(മര്‍കസുദ്ദഅ്‌വ) സമ്മേളനത്തിന്റെ ഉദ്ഘാടനത്തില്‍ മാറ്റിയതെന്നാണ് സൂചന. കൂടുതല്‍ തെളിവുകള്‍ അന്വേഷിച്ച് സംഘാടകരില്‍ ചിലര്‍ ഒ അബ്ദുല്ലയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഉദ്ഘാടകനായ സല്‍മാന്‍ നദ്‌വി ബെംഗളൂരുവില്‍ എത്തിയ ശേഷമാണ് കരിപ്പൂരിലേക്കുള്ള യാത്ര റദ്ദാക്കിയതെന്നാണ് വിവരം. വരേണ്ടതില്ലെന്ന് സംഘാടകര്‍ അറിയിച്ചെന്നാണ് സൂചന. സല്‍മാന്‍ നദ്‌വിയെ കൊണ്ട് വന്ന് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തേണ്ടെന്നാണ് സംഘടനയില്‍ ധാരണയായത്.

Tags:    

Similar News