നെഹ്‌റുവും ടിപ്പുവും കര്‍ണാടകക്ക് സ്വതന്ത്ര്യ സമരസേനാനികളല്ലേ?; സര്‍ക്കാര്‍ പരസ്യത്തെ കടന്നാക്രമിച്ച് മുഹമ്മദ് സുബൈര്‍

കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ പത്രങ്ങളില്‍ നല്‍കിയ സ്വതന്ത്ര്യ ദിനാഘോഷ പരസ്യങ്ങളില്‍ ഇരുവരെയും ഒഴിവാക്കിയതിനെ തുടര്‍ന്നാണ് സുബൈര്‍ ചോദ്യമുയര്‍ത്തിയത്. കര്‍ണാടക സര്‍ക്കാറിന്റെ പബ്ലിക് റിലേഷന്‍ വിഭാഗത്തെ ടാഗ് ചെയ്ത് ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പരസ്യത്തിന്റെ ചിത്രങ്ങളും ട്വിറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

Update: 2022-08-14 11:43 GMT

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും രാജ്യത്ത് ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടി വീരുമൃത്യു വരിച്ച ടിപ്പു സുല്‍ത്താനേയും പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയ കര്‍ണാടക സര്‍ക്കാറിനെ കടന്നാക്രമിച്ച് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍. കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ പത്രങ്ങളില്‍ നല്‍കിയ സ്വതന്ത്ര്യ ദിനാഘോഷ പരസ്യങ്ങളില്‍ ഇരുവരെയും ഒഴിവാക്കിയതിനെ തുടര്‍ന്നാണ് സുബൈര്‍ ചോദ്യമുയര്‍ത്തിയത്. കര്‍ണാടക സര്‍ക്കാറിന്റെ പബ്ലിക് റിലേഷന്‍ വിഭാഗത്തെ ടാഗ് ചെയ്ത് ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പരസ്യത്തിന്റെ ചിത്രങ്ങളും ട്വിറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

സുബൈറിന് പിന്നാലെ നിരവധി പേര്‍ പരസ്യത്തിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ത്രിവര്‍ണ പതാക ആദ്യമായി ഉയര്‍ത്തിയ നെഹ്‌റുവിന്റെ ചിത്രം എന്തുകൊണ്ടാണ് ഉള്‍പ്പെടുത്താത്തത് എന്ന ചോദ്യവുമായാണ് മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി എത്തിയത്.'ഉം... 1947ല്‍ ത്രിവര്‍ണ പതാക ആദ്യമുയര്‍ത്തിയ നേതാവ് നെഹ്‌റുവിന്റെ ഫോട്ടോ ഇല്ലേ?? കാലം മാറിക്കൊണ്ടിരിക്കും. #Tryst With Destiny' രാജ്ദ്വീപ് പരസ്യം സഹിതം ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് നേതാവ് സൗരഭ് റായിയും പരസ്യത്തിനെതിരേ ട്വീറ്റ് ചെയ്തു. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യ പതാക ഉയര്‍ത്തിയ ആദ്യ പ്രധാനമന്ത്രിയായിട്ടും ഈ പത്രത്തിന്റെ ഒന്നാം പേജില്‍ എന്തുകൊണ്ട് നെഹ്‌റു ഇല്ലെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദിയോടും ബാസവരാജ ബെമ്മൈയോടും ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വെറും നിവേദനങ്ങള്‍ എഴുതിയ സവര്‍ക്കര്‍ ഇവിടെ ദേശാഭിമാനികളോടൊപ്പം എന്താണ് ചെയ്യുന്നതെന്നും ഇരുവരെയും ടാഗ് ചെയ്ത ട്വീറ്റില്‍ ചോദിച്ചു. രാഷ്ട്രത്തെ നാണം കെടുത്തിയ ബിജെപി നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിഭജനകാലത്തെ ഭയാനകമായ ഓര്‍മദിനം ആചരിക്കുന്ന ഓഗസ്റ്റ് 14ന് നെഹ്‌റുവിനെ രൂക്ഷമായി വിമര്‍ശിക്കുന്ന വീഡിയോ ബിജെപി പുറത്തുവിട്ടിരുന്നു. വിഭജനകാലത്ത് നെഹ്‌റു മുഹമ്മദലി ജിന്നയുടെയും മുസ്‌ലിം ലീഗിന്റേയും പാകിസ്ഥാന്‍ എന്ന ആവശ്യത്തിന് വഴങ്ങിക്കൊടുക്കുകയായിരുന്നു എന്നായിരുന്നു ബിജെപി വീഡിയോയിലൂടെ പറയുന്നത്. എന്നാല്‍, ഇതിനെതിരേ കോണ്‍ഗ്രസും രൂക്ഷമായി തന്നെ മറുപടി നല്‍കിയിരുന്നു.

ഇത്തരത്തില്‍ ഒരു ദിവസം ആചരിക്കുന്നതിലൂടെ ചരിത്രസംഭവത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ ഉദ്ദേശമെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. അന്ന് നടന്നതു പോലെ ആധുനിക കാലത്തും ജിന്നമാരും സവര്‍ക്കര്‍മാരുമുണ്ട്. അവര്‍ ഇപ്പോഴും രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോഴുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അവസാന വട്ട ഒരുക്കങ്ങളിലാണ് രാജ്യം. ചെങ്കോട്ടയും പരിസരപ്രദേശങ്ങളും ത്രിവര്‍ണ പതാകകള്‍കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ഭീകരാക്രമണ മുന്നറിയിപ്പുകള്‍ ഉള്ളതിനാല്‍ അതീവ സുരക്ഷ ആണ് ഡല്‍ഹിയില്‍ ഒരുക്കിയിട്ടുള്ളത്. രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

Tags:    

Similar News