മധ്യപ്രദേശില്‍ സംഘപരിവാരം ഒരാഴ്ച്ചയ്ക്കിടെ തകര്‍ത്തെറിഞ്ഞത് 80 മുസ്‌ലിം വീടുകള്‍

നിരവധി മുസ്‌ലിംകളുടെ വീടുകളും വാഹനങ്ങളും തിരഞ്ഞുപിടിച്ച് തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. ഈ മേഖലയിലെ ഗ്രാമങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇതുവരെ പലായനം ചെയ്തത്.

Update: 2021-01-06 06:44 GMT

ഭോപ്പാല്‍: രാമക്ഷേത്ര ഫണ്ട് സമാഹരണത്തിന്റെ പേരില്‍ മധ്യപ്രദേശില്‍ സംഘപരിവാരം ഒരാഴ്ച്ചയ്ക്കിടെ തകര്‍ത്തെറിഞ്ഞത് 80 മുസ്‌ലിം വീടുകള്‍. യുവമോര്‍ച്ചയുടേയും വിഎച്ച്പിയുടേയും പ്രകോപനപരമായ റാലികളെ തുടര്‍ന്ന് മധ്യപ്രദേശിലെ ഉജ്ജയിന്‍, ഇന്ദോര്‍, മന്ദ്‌സോര്‍, ധര്‍ ജില്ലകളില്‍ വ്യാപകമായ ആക്രമണമാണ് അഴിച്ചുവിട്ടത്.

നിരവധി മുസ്‌ലിംകളുടെ വീടുകളും വാഹനങ്ങളും തിരഞ്ഞുപിടിച്ച് തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. ഈ മേഖലയിലെ ഗ്രാമങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇതുവരെ പലായനം ചെയ്തത്. എന്നാല്‍ ഏകപക്ഷീയമായ ആക്രമണങ്ങള്‍ക്കിരയായിട്ടും മുസ് ലിംകള്‍ക്കെതിരേ നിരവധി കേസുകളും സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡിസംബര്‍ 25ന് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ഉജ്ജയിനിലെ ബെഗുംബാഗിലെ പ്രകടനമായിരുന്നു കലാപത്തിന് തുടക്കമിട്ടത്. പിന്നാലെ മുസ്‌ലിംകളെ ദേശസുരക്ഷ നിയമപ്രകാരം അറസ്റ്റുചെയ്യുകയാണ് ഉണ്ടായത്. യുവമോര്‍ച്ച റാലിക്ക് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് 19 അംഗങ്ങളുള്ള ഒരു മുസ്‌ലിം കുടുംബത്തിന്റെ രണ്ടുനില വീട് പോലിസ് തന്നെ തകര്‍ത്തിരുന്നു.

28ന് ഇന്ദോറിലെ ഗൗതംപുരയില്‍ ഹിന്ദുത്വസംഘടനകള്‍ മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ 'ജയ്ശ്രീറാം' വിളികളുമായി റാലി നടത്തി, മസ്ജിദിന് മുന്നില്‍ മുദ്രാവാക്യം വിളിച്ചു. പിന്നാലെ സംഘര്‍ഷവും കല്ലേറും വ്യാപകമായ ആക്രമണങ്ങളുമുണ്ടാക്കി. വീടുകളും വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. പിറ്റേദിവസം, റോഡിനു വീതി കൂട്ടാനെന്ന പേരില്‍ അധികൃതര്‍ മുസ്‌ലിംകളുടെ 80 വീടുകള്‍ ഇടിച്ചുനിരപ്പാക്കി സ്ഥലം ഒഴിപ്പിച്ചെടുത്ത് ആക്രമണത്തെ സാധൂകരിക്കുകയായിരുന്നു. ഇവിടെ നിന്ന് മാത്രം 30 മുസ്‌ലിംകളെ ദേശസുരക്ഷാ നിയമപ്രകാരം അറസ്റ്റുചെയ്തു.

അയ്യായിരത്തോളം വിഎച്ച്പി പ്രവര്‍ത്തകര്‍ 29ന് മന്ദ്‌സോറിലെ ദൊരാനയില്‍ നടത്തിയ റാലി മണിക്കൂറുകള്‍ നീണ്ട കലാപത്തിനിടയാക്കി. വസ്തുവകകള്‍ കൊള്ളയടിച്ചു. സ്ഥലവാസികളില്‍ പലരും ഭയന്ന് പലായനം ചെയ്തു. റാലി സമാധാനപരമായിരുന്നെന്നും സാമൂഹ്യവിരുദ്ധരാണ് കുഴപ്പമുണ്ടാക്കിയതെന്നും വിഎച്ച്പി നേതാക്കള്‍ പറയുന്നു. അനുമതി വാങ്ങാതെയാണ് റാലി നടത്തിയതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രതികരിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ നടത്തിയ കലാപങ്ങളുടെ മാതൃകയിലാണ് മധ്യപ്രദേശിലും സംഘര്‍ഷം സൃഷ്ടിക്കുന്നതെന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ അക്രമങ്ങള്‍ക്ക് മുന്നില്‍ മൂകസാക്ഷിയായി നില്‍ക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.