മധ്യപ്രദേശിലെ ഹിന്ദുത്വ ആക്രമണം; എന്‍എസ്എ ചുമത്തിയത് മുസ് ലിംകള്‍ക്കെതിരേ

Update: 2021-01-04 08:56 GMT

ഉജ്ജയ്ന്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ഫണ്ട് ശേഖരണത്തിന്റെ പേരില്‍ സംഘപരിവാര സംഘടനകള്‍ മധ്യപ്രദേശില്‍ നടത്തിയ റാലിക്കിടെ മുസ് ലിം ഭൂരിപക്ഷ ഗ്രാമങ്ങളില്‍ ആക്രമണം നടത്തിയ ഹിന്ദുത്വര്‍ക്കു പകരം ദേശീയ സുരക്ഷാ നിയമയം(എന്‍എസ്എ) ചുമത്തിയത് മുസ് ലിംകള്‍ക്കെതിരേ. ഉജ്ജയ്ന്‍, മന്ദ്‌സൗര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ രണ്ട് പള്ളികള്‍ക്കും ഡസനിലേറെ മുസ് ലിം വീടുകള്‍ക്കു നേരെ ആക്രമണം നടന്നിട്ടും നാല് മുസ് ലിം യുവാക്കള്‍ക്കെതിരേയാണ് കടുത്ത വകുപ്പുകള്‍ ചുമത്തിയത്.

    ബീഗം ബാഗ് നിവാസികളായ അയാസ് മുഹമ്മദ്, വസീം അസ് ലം, ഷാദാബ് അക്രം, അല്‍തു അസ് ലം എന്നിവര്‍ക്കെതിരേയാണ് ഉജ്ജയ്ന്‍ കലക്ടര്‍ കര്‍ശനമായ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തിയതെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, ബീഗം ബാഗ് നിവാസിയുടെ മൂന്ന് നില കെട്ടിടം അനധികൃതമെന്ന് ആരോപിച്ച് ജില്ലാ ഭരണകൂടം തകര്‍ക്കുകയും ചെയ്തു.

    ഹിന്ദുത്വ സംഘടനകളുടെ റാലികള്‍ കാരണം മധ്യപ്രദേശില്‍ കുറഞ്ഞത് മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലെഹ്കിലും വര്‍ഗീയ അക്രമമുണ്ടായിട്ടുണ്ട്. പലയിടത്തും പോലിസ് സാന്നിധ്യത്തിലാണ് ആക്രമണമെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം, സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും ഒരു പോലിസുകാരനെ സസ്‌പെന്‍ഡ് ചെയ്തതായും പോലിസ് അവകാശപ്പെട്ടു. ഡിസംബര്‍ 25നാണ് ഉജ്ജയ്ന്‍ ജില്ലയില്‍ ആദ്യസംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഭരണകക്ഷിയായ ബിജെപിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ച നടത്തിയ ബൈക്ക് റാലി ഉജ്ജയ്‌നിയിലെ മുസ് ലിം ആധിപത്യമുള്ള ബീഗം ബാഗ് പരിസരത്തിലൂടെ കടന്നുപോകുമ്പോള്‍ പരിസരവാസികളെ ആക്ഷേപിച്ചു. ഇതിനു ശേഷം കല്ലേറും അക്രമവും നടത്തി. വാഹനങ്ങള്‍ക്കു കേടുപാട് സംഭവിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.

    ദീപാല്‍പൂര്‍ പഞ്ചായത്തിലെ ഇന്‍ഡോര്‍ ചന്ദന്‍ചേരിയിലാണ് മറ്റൊരു സംഭവം. ഒരു പള്ളിയുടെ മിനാരം നശിപ്പിക്കുകയും ഒരു വീട് കത്തിക്കുകയും ചെയ്തു. അഞ്ഞൂറോളം വരുന്ന സംഘം ജയ് ശ്രീ റാം വിളികളുമായി പോലിസുകാരോടൊപ്പമെത്തി പള്ളി മിനാരം നശിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ ഷക്കീര്‍ പട്ടേല്‍ പറഞ്ഞു. പ്രദേശവാസികള്‍ ചെറുത്തുനില്‍ക്കുകയും കല്ലെറിയാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍, ഒരു വീടിനെ ആക്രമിക്കുന്നതില്‍ നിന്ന് പിന്തിരിഞ്ഞതായും ഷക്കീര്‍ കൂട്ടിച്ചേര്‍ത്തു. മന്ദ്‌സൗര്‍ ജില്ലയിലെ ഡോറാന ഗ്രാമത്തില്‍ വിഎച്ച്പി നടത്തിയ റാലിയില്‍ അയ്യായിരത്തോളം പേരുണ്ടായിരുന്നു. സംഘം ഒരു പള്ളി മിനാരം നശിപ്പിക്കുകയും ഗ്രാമത്തിലെ 50 ഓളം വീടുകള്‍ തകര്‍ക്കുകയും ചെയ്തു. റാലിക്ക് ഒരു ദിവസം മുമ്പ് തങ്ങള്‍ മന്ദ്‌സൗറിലെ പോലിസ് സൂപ്രണ്ടിന് സംരക്ഷണം തേടി പരാതി നല്‍കിയിരുന്നു. ഇതിനെ ഹിന്ദുക്കളുടെ റാലി നിര്‍ത്തിവയ്പിക്കാന്‍ ശ്രമിച്ചതിനു 'ഔറംഗസീബിന്റെ പിന്‍ഗാമികളെ' 'ഹിന്ദു സഹോദരന്മാര്‍' പഠിപ്പിക്കണമെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

MP: Hindutva Groups attack; NSA against Muslims

Tags: