ഗോതമ്പ് വില്‍ക്കാന്‍ രണ്ട് ദിവസം 'ക്യൂ' നിന്നു; കര്‍ഷകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

നേരത്തെ, മെയ് 25 ന്, അഗർ മാൽവ ജില്ലയിൽ 45 വയസുള്ള കർഷകനും ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. അദ്ദേഹം ആറ് ദിവസത്തോളം ക്യൂവിൽ നിൽക്കേണ്ടി വന്നിരുന്നു.

Update: 2020-06-01 15:03 GMT

ദേവാസ്: സർക്കാർ സംഭരണ ​​കേന്ദ്രത്തിൽ ഗോതമ്പ് വിൽക്കാൻ ക്യൂവിലുണ്ടായിരുന്ന ഒരു കർഷകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ ജയ്റാം എന്ന കർഷകനാണ് മരണപ്പെട്ടത്. ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് ഗോതമ്പ് സംഭരണ കേന്ദ്രത്തിലെ രണ്ടാമത്തെ മരണമാണിത്.

നേരത്തെ, മെയ് 25 ന്, അഗർ മാൽവ ജില്ലയിൽ 45 വയസുള്ള കർഷകനും ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. അദ്ദേഹം ആറ് ദിവസത്തോളം ക്യൂവിൽ നിൽക്കേണ്ടി വന്നിരുന്നു. 80 ക്വിന്റൽ ഗോതമ്പുമായി രണ്ട് ട്രാക്ടറുകളിലായി മെയ് 29 രാത്രി സംഭരണ ​​കേന്ദ്രത്തിലേക്ക് കൊണ്ടുപോയി ഗോതമ്പുമായി മെയ് 29 നാണ് ജയ്റാം വീട്ടില്‍ നിന്ന് പുറപ്പെട്ടത്. കൊറോണക്കാലമായതിനാല്‍ സാമൂഹികാകലം പാലിച്ചുകൊണ്ടാണ് ശേഖരണ കേന്ദ്രത്തില്‍ 'ക്യൂ' ഉണ്ടായിരുന്നത്. ഇവിടെ ഒരു പകല്‍ മുഴുവന്‍ നിന്നെങ്കിലും ഗോതമ്പ് വില്‍ക്കാനായില്ല.

തുടര്‍ന്ന് അവിടെത്തന്നെ തങ്ങിയ ശേഷം പിറ്റേന്നും പകല്‍ 'ക്യൂ' തുടരുകയായിരുന്നു. എന്നാല്‍ ഇതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും തളര്‍ന്നു വീഴുകയുമായിരുന്നു. അധികം വൈകാതെ തന്നെ ജയ്റാം മരിക്കുകയും ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മണിക്കൂറുകളോളം 'ക്യൂ'വില്‍ നിന്നത് അച്ഛനെ അവശനാക്കിയെന്നും അതിനാലാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതെന്നും ജയ്റാമിന്റെ മകന്‍ സച്ചിന്‍ മണ്ഡോലി പറയുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് അറിയിച്ചിട്ടുണ്ട്.

അതേസമയം സാമൂഹികാകലം പാലിച്ചുകൊണ്ട് 'ക്യൂ' നില്‍ക്കുന്നത് കര്‍ഷകരെ സംബന്ധിച്ച് വലിയ പ്രശ്‌നമാകുന്നുണ്ടെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നുമുള്ള ആവശ്യം ഇതോടെ ശക്തിപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും സാമൂഹികാകലം പാലിച്ചുകൊണ്ടുള്ള 'ക്യൂ' ആളുകളെ ശാരീരികമായി ബാധിക്കുന്നുണ്ട്. എന്നാല്‍ മറ്റ് നിവൃത്തികളില്ലാത്തതിനാല്‍ തന്നെ ഈ രീതി പിന്തുടരാന്‍ ആളുകള്‍ നിര്‍ബന്ധിതരാവുകയാണ്. 

Similar News