ഇസ്‌ലാമോഫോബിയ മനംമാറ്റി; ഇസ്‌ലാമിക് സ്റ്റഡീസ് എംഎ പ്രവേശനപരീക്ഷയില്‍ ഹിന്ദു യുവാവിനു ഒന്നാംറാങ്ക്

Update: 2020-11-14 14:44 GMT
ആല്‍വാര്‍: ഇസ് ലാമോഫോബിയ വളരുന്നതു കണ്ട് ഇസ് ലാമിനെ കുറിച്ചു പഠിക്കാനിറങ്ങിയ ഹിന്ദു യുവാവിന് ഇസ്‌ലാമിക് സ്റ്റഡീസ് എംഎ പ്രവേശനപരീക്ഷയില്‍ ഒന്നാംറാങ്ക്. കശ്മീര്‍ കേന്ദ്ര സര്‍വകലാശാലയുടെ ഇസ് ലാമിക് ഹിസ്റ്ററി ബിരുദാനന്തര ബിരുദ കോഴ്സിനുള്ള പ്രവേശന പരീക്ഷയിലാണ് രാജസ്ഥാന്‍ ആല്‍വാര്‍ സ്വദേശി ശുഭം യാദവ് അപൂര്‍വ ബഹുമതി നേടിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നു പ്രസിദ്ധീകരിച്ച അന്തിമ ലിസ്റ്റിലെ മറ്റു 93 വിദ്യാര്‍ഥികളെ മറികടന്നത്. പ്രസ്തുത നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇസ് ലാ ഇതര, കശ്മീരിയല്ലാത്ത പരീക്ഷാര്‍ഥിയാണ് ശുഭം യാദവ്. ''ലോകമെമ്പാടും വളരുന്ന ഇസ് ലാമോഫോബിയയും മത ധ്രുവീകരണവും'' കണ്ട ശേഷമാണ് ഇസ്ലാമിനെക്കുറിച്ച് പഠിക്കാന്‍ ജിജ്ഞാസയുണ്ടായതെന്ന് സിവില്‍ സര്‍വീസിനു താല്‍പര്യമുള്ള ശുഭം യാദവ് ദി പ്രിന്റിനോട് പറഞ്ഞു. എന്നാല്‍, താന്‍ കൈവരിച്ച നേട്ടത്തിന്റെ ഗൗരവം ഇതുവരെ 21കാരന് പൂര്‍ണമായും ബോധ്യമായിട്ടില്ല. 'എന്നെ പ്രശംസിച്ച് രാജ്യത്തിന്റെ പല കോണുകളില്‍ നിന്നു നിരന്തരം ഫോണുകള്‍ വരുന്നുണ്ട്. ഞാന്‍ എന്തോ വലിയ നേട്ടം കൈവരിച്ചെന്നാണു പറയുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇസ് ലാമിക് ഹിസ്റ്ററി എന്നത് നിയമം പോലെയോ ചരിത്രം പോലെയോ സോഷ്യോളജി പോലെയോ മറ്റൊരു വിഷയം മാത്രമാണ്. അതില്‍ കവിഞ്ഞൊരു കാഠിന്യവും അതിനില്ലെന്നും ശുഭം യാദവ് പറഞ്ഞു.

    പലരും കരുതുന്നതുപോലെ ഇസ് ലാമിക് സ്റ്റഡീസ് എന്നത് മുസ് ലിംകളെ കുറിച്ചോ ഇസ് ലാം മതത്തെ കുറിച്ചോ മാത്രമുള്ള പഠനമല്ല. അത് ഇസ് ലാമിക നിയമങ്ങളിലൂടെയും അതിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങളിലൂടെയുമുള്ള ഒരു ആഴത്തിലുള്ള അധ്യയനമാണെന്നും അദ്ദേഹം തുടര്‍ന്നു. ഭാവിയില്‍ ഹിന്ദു-മുസ് ലിം-ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ സാഹോദര്യം വളര്‍ത്താന്‍ വേണ്ട പല നയപരിപാടികളും ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടി വരും. അതിന് ഈ മതങ്ങളെ കുറിച്ച്, അവയുടെ സാംസ്‌കാരിക പരിണാമങ്ങളെ കുറിച്ചൊക്കെ ആഴത്തില്‍ അറിവുള്ളവരുടെ സാന്നിധ്യം ഭരണസംവിധാനങ്ങളില്‍ ഉണ്ടാവണം. അതുകൊണ്ടുകൂടിയാണ് സിവില്‍ സര്‍വീസിന് മുമ്പ് ഇസ് ലാമിക് സ്റ്റഡീസ് ഐച്ഛിക വിഷയമായെടുത്തതെന്നും ശുഭം യാദവ് പറഞ്ഞു.

    പരീക്ഷയെഴുതിയവരുടെ പട്ടിക പുറത്തിറങ്ങിയ ഉടന്‍ തന്നെ കോഴ്സിന്റെ മേല്‍നോട്ടം വഹിക്കുന്ന സിയുകെ മതപഠന വിഭാഗം മേധാവി പ്രഫ. ഹാമിദുല്ല മരാസി യാദവിനെ അഭിനന്ദിച്ചു.




Tags:    

Similar News