കുന്നംകുളത്ത് അമ്മയെ മകള്‍ കൊന്നത് സ്വത്തിന് വേണ്ടി; പുറംലോകമറിയുന്നത് ആശുപത്രി ഇടപെടലില്‍
തൃശൂര്‍: കുന്നംകുളം കിഴൂരില്‍ മകള്‍ അമ്മയ്ക്ക് വിഷം കൊടുത്തു കൊന്നത് സ്വത്തിന് വേണ്ടിയെന്ന് കണ്ടെത്തല്‍. ചോഴിയാട്ടില്‍ ചന്ദന്റെ ഭാര്യ രുഗ്മിണിയെ (57) ആണ് സ്വന്തം മകള്‍ വിഷം കൊടുത്ത് കൊന്നത്. സംഭവത്തില്‍ മകള്‍ ഇന്ദുലേഖ (40) കസ്റ്റഡിയിലാവുകയും ചെയ്തിട്ടുണ്ട്.
അസുഖമാണെന്ന് പറഞ്ഞായിരുന്നു മകള്‍ ഇന്ദുലേഖ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം അമ്മയെ എത്തിച്ചത്. എന്നാല്‍ രുഗ്മിണിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് അവരെ മാറ്റി. ചികിത്സ തുടരുന്നതിനിടെ അടുത്ത ദിവസം ഇവര്‍ മരണപ്പെടുന്നത്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിശദ പരിശോധന നടത്തി. വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് മകള്‍ ഇന്ദുലേഖയിലേക്ക് പോലിസ് സംശയങ്ങളെത്തുന്നത്.
വൈകാതെ മകളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വിഷം കൊടുത്തതായി തെളിഞ്ഞത്. സ്വത്ത് സംബന്ധിച്ച് രുഗ്മിണിയും ഇന്ദുലേഖയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിനൊടുവില്‍ സ്വത്ത് തട്ടിയെടുക്കാന്‍ ഇന്ദുലേഖ അമ്മയ്ക്ക് വിഷം നല്‍കാന്‍ പദ്ധതിയിട്ട് അപായപ്പെടുത്തുകയായിരുന്നു എന്നാണ് പോലിസ് നല്‍കുന്ന സൂചന.