ഒമ്പത് ദിവസം അവശിഷ്ടങ്ങള്‍ക്കിടയില്‍; അതിജീവിച്ചവരില്‍ 74കാരിയും

Update: 2023-02-16 06:25 GMT

അങ്കാറ: തുര്‍ക്കിയില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 74 വയസ്സുകാരിയെ ഉള്‍പ്പെടെ അഞ്ച് പേരെ കൂടി രക്ഷപ്പെടുത്തി. മൂന്നു സ്ത്രീകളെയും രണ്ടു കുട്ടികളെയുമാണ് രക്ഷപ്പെടുത്തിയത്. ഒമ്പതുദിവസമായി അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുകയായിരുന്നു ഇവര്‍. മെഡിക്കല്‍ ടീമുകള്‍ അതിജീവിച്ചവര്‍ക്ക് മതിയായ ചികിത്സ നല്‍കിയ ശേഷം ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ ആരോഗ്യനില ഇപ്പോള്‍ ഭേദപ്പെട്ടിട്ടുണ്ട്. അതിനിടെ, സിറിയയിലും തുര്‍ക്കിയും ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 41,000നു മുകളിലായി. ഇരു രാജ്യങ്ങളിലുമായി 70 ലക്ഷത്തിലധികം കുട്ടികള്‍ കെടുതികള്‍ നേരിടുന്നതായി യുഎന്‍ അറിയിച്ചു. തുര്‍ക്കിയില്‍ 36,000 ഉം സിറിയയില്‍ 6,000 ഉം മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. യൂറോപ്യന്‍ മേഖലയില്‍ ഒരു നൂറ്റാണ്ടിനിടെയുണ്ടായ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂമ്പമാണെന്ന് ഐക്യരാഷ്ട്ര സംഘടന പറഞ്ഞു.

ദുരന്തമുണ്ടായി 222 മണിക്കൂറിനുശേഷം തെക്കന്‍ തുര്‍ക്കിയിലെ കഹ്‌റമാന്‍മറാഷിലെ തകര്‍ന്ന കെട്ടിടത്തിനടിയില്‍നിന്ന് നാല്‍പ്പത്തിരണ്ടുകാരിയെയും രക്ഷപ്പെടുത്തി. ഭൂകമ്പമുണ്ടായി ഒമ്പതു ദിവസത്തിനുശേഷവും വടക്ക് പടിഞ്ഞാറന്‍ സിറിയയിലേക്ക് ആവശ്യത്തിന് സഹായം എത്തിക്കാനായിട്ടില്ല. തുര്‍ക്കിയില്‍ 50,576 കെട്ടിടം പൂര്‍ണമായും തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തു. മൂന്ന് വലിയ ഭൂകമ്പത്തെതുടര്‍ന്ന് 3858 തുടര്‍ചലനമുണ്ടായതായും തുര്‍ക്കി ദുരന്ത പ്രതിരോധമന്ത്രാലയം അറിയിച്ചു. ഭൂകമ്പത്തെതുടര്‍ന്ന് നിരവധിയാളുകള്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നതായും റിപോര്‍ട്ടുണ്ട്.

ഭൂകമ്പത്തില്‍ ബാധിക്കപ്പെട്ട 50 ലക്ഷത്തോളം സിറിയക്കാരെ സഹായിക്കാന്‍ 39.7 കോടി ഡോളര്‍ (ഏകദേശം 3291.8 കോടി രൂപ) വേണ്ടിവരുമെന്ന് ഐക്യരാഷ്ട്രകേന്ദ്രം.വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയിലേക്ക് വളരെ കുറച്ച് സഹായം മാത്രമേ എത്തിക്കാനായിട്ടുള്ളൂ. 50 ലക്ഷത്തോളം പേര്‍ക്ക് ഇവിടെ മരുന്നും ഭക്ഷണവും ഉള്‍പ്പെടെയുള്ള അവശ്യസഹായം എത്തിക്കണമെന്നും യുഎന്‍ പറഞ്ഞു.

പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുര്‍ക്കി സന്ദര്‍ശിക്കുന്നുണ്ട്. രണ്ട് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന ഒരു രാജ്യത്തിന്റെ ആത്മാവിന് അനുസൃതമായി, അവരുടെ നഷ്ടം ഞങ്ങളുടേതായി ഞങ്ങള്‍ കണക്കാക്കുന്നു,' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. സഹായവുമായി മുന്നോട്ടുപോവാന്‍ 'ലോകം' ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയുണ്ടായ ഭൂകമ്പത്തിന്റെ അനന്തരഫലങ്ങള്‍ നേരിടാന്‍ 90 ലധികം രാജ്യങ്ങള്‍ തുര്‍ക്കിയിലേക്ക് സഹായ, ദുരിതാശ്വാസ ടീമുകളെ അയച്ചിട്ടുണ്ട്. തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം, ഭക്ഷണം എത്തിക്കല്‍, അതിജീവിച്ചവര്‍ക്ക് താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പിലെ സന്നദ്ധപ്രവര്‍ത്തകര്‍ സജീവമാണ്.

Tags:    

Similar News