'അഗ്‌നിവീര്‍ പദ്ധതി നിര്‍ത്തലാക്കണം'; മരണാനന്തര കീര്‍ത്തിചക്ര ജേതാവായ വീര ജവാന്റെ മാതാവ്
റായ്ബറേലി: ഇന്ത്യന്‍ സേനയിലേക്കുള്ള താല്‍ക്കാലിക റിക്രൂട്ടിങ് രീതിയായ അഗ്‌നിവീര്‍ പദ്ധതി നിര്‍ത്തലാക്കണമെന്ന അഭ്യര്‍ഥനയുമായി മരണാനന്തര കീര്‍ത്തി ചക്ര ബഹുമതി ലഭിച്ച വീര സൈനികന്റെ മാതാവ്. സിയാചിനില്‍ രക്തസാക്ഷിയായ ക്യാപ്റ്റന്‍ അംശുമാന്‍ സിങിന്റെ മാതാവ് മഞ്ജു സിങാണ് റായ്ബറേലിയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവും സ്ഥലം എംപിയുമായ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കേന്ദ്രസര്‍ക്കാരിനു മുന്നില്‍ ഇപ്രകാരം ഒരു അഭ്യര്‍ഥന വച്ചത്. 'അഗ്‌നിവീര്‍ പദ്ധതി അവസാനിപ്പിക്കണമെന്ന് കൂപ്പുകൈകളോടെ ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്. നാലു വര്‍ഷത്തേക്കുള്ള ഈ നിയമന രീതി ശരിയല്ല. പെന്‍ഷന്‍, കാന്റീന്‍ സൗകര്യങ്ങള്‍ തുടങ്ങി ഒരു സൈനികനു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തുടരേണ്ടതുണ്ട്-മഞ്ജു സിങ് പറഞ്ഞു.
ജൂലൈ 5ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് ക്യാപ്റ്റന്‍ അംശുമാന്‍ സിങിന്റെ മാതാവ് മഞ്ജു സിങും വിധവ സ്മൃതിയും ചേര്‍ന്ന് മരണാനന്തര കീര്‍ത്തി ചക്രം ഏറ്റുവാങ്ങിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത് സൈനിക ബഹുമതിയാണ് കീര്‍ത്തി ചക്ര. യുദ്ധമുഖത്തല്ലാതെ വീരകൃത്യങ്ങള്‍ നിര്‍വഹിക്കുന്ന സൈനികര്‍ക്കും പൗരന്മാര്‍ക്കും രാഷ്ട്രം നല്‍കുന്ന പ്രധാനപ്പെട്ട അംഗീകാരമാണിത്. മരണാനന്തര ബഹുമതിയായും കീര്‍ത്തിചക്ര നല്‍കാറുണ്ട്. പഞ്ചാബ് റെജിമെന്റിലെ 26ാം ബറ്റാലിയന്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്‌സില്‍ സേവനമനുഷ്ഠിച്ചുവരുകയായിരുന്നു ഡോക്ടര്‍ കൂടിയായ ക്യാപ്റ്റന്‍ അംശുമാന്‍ സിങ്. സിയാചിനിലെ സൈനിക ക്യാംപില്‍ യുദ്ധോപകരണങ്ങള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്ത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുണ്ടായ തീപ്പിടിത്തത്തിലാണ് അദ്ദേഹം മരണം വരിച്ചത്. മെഡിക്കല്‍ കാബിനില്‍ നിന്ന് മരുന്നുകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടയിലാണ് അദ്ദേഹത്തിന് പൊള്ളലേറ്റത്. അതിനു മുമ്പ് ക്യാംപിലെ ഫൈബര്‍ ഗ്ലാസ് കൂടാരത്തിനുള്ളില്‍ അകപ്പെട്ടുപോയ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. 2023 ജൂലൈ 18ന് അര്‍ധരാത്രിക്കും 19 പുലര്‍ച്ചയ്ക്കുമിടയിലായിരുന്നു അദ്ദേഹം വീരചരമം പ്രാപിച്ചത്. ഓപറേഷന്‍ മേഖദൂതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ആദ്യ നിയമനമായിരുന്നു സിയാചിനിലേത്.
'കീര്‍ത്തിചക്രം ഏറ്റുവാങ്ങുന്ന ചടങ്ങിനിടയിലാണ് രാഹുല്‍ ഗാന്ധിയെ കണ്ടത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹവും അവിടെ സന്നിഹിതനായിരുന്നു. അദ്ദേഹം റായ്ബറേലിയില്‍ എത്തിയ ശേഷവും ലഖ്‌നോവിലായിരുന്ന ഞങ്ങള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നതിനെ കുറിച്ച് ആലോചിച്ചു. എനിക്കെന്റെ മകനെ നഷ്ടപ്പെട്ടു. രാഹുല്‍ ഗാന്ധിക്ക് തന്റെ പിതാവിനെയും മുത്തശ്ശിയെയും നഷ്ടപ്പെട്ടു. ഞങ്ങളുടെ വികാരങ്ങളുമായി താദാത്മ്യം പ്രാപിക്കാന്‍ അദ്ദേഹത്തിനു കഴിയും'-ക്യാപ്റ്റന്‍ അംശുമാന്‍ സിങിന്റെ പിതാവ് രവി പ്രതാപ് സിങ് പറഞ്ഞു. സൈന്യത്തെയും അഗ്‌നിപഥിനെയും കുറിച്ചായിരുന്നു ചര്‍ച്ചകള്‍ അധികവുമെന്ന് മഞ്ജു സിങ് പറഞ്ഞു. 'രാഹുല്‍ ഗാന്ധിയാണ് ശരി. രണ്ടു തരം സൈനികര്‍ ഉണ്ടായിക്കൂടാ. അദ്ദേഹം പറയുന്നതെന്തെന്ന് സര്‍ക്കാര്‍ കേള്‍ക്കണം'-അവര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിലെ പ്രസംഗത്തില്‍, നാലുവര്‍ഷത്തേക്ക് സൈനികരെ റിക്രൂട്ട് ചെയ്യുന്ന അഗ്‌നിപഥ് പദ്ധതിയെ രാഹുല്‍ ഗാന്ധി നിശിതമായി വിമര്‍ശിച്ചിരുന്നു. 'ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന' രീതി എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഭരണപക്ഷ ബെഞ്ച് വന്‍ ആക്രോശങ്ങളോടെയാണ് അപ്പോള്‍ പ്രതികരിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും വിശദീകരണവുമായി എഴുന്നേറ്റു. ജമ്മുകശ്മീരിലെ നൗഷേരയില്‍ ജനുവരി 18നുണ്ടായ മൈന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട അഗ്‌നിവീര്‍ അജയ് കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയില്ലെന്നും രാഹുല്‍ പരാമര്‍ശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഒരു കോടി രൂപ നല്‍കിയെന്നാണ് രാജ്‌നാഥ് സിങ് പറഞ്ഞത്. എന്നാല്‍, പഞ്ചാബ് സര്‍ക്കാര്‍ ചില സഹായങ്ങള്‍ വാഗ്ദാനം ചെയ്തതല്ലാതെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒന്നും ലഭിച്ചില്ലെന്നാണ് ജവാന്റെ കുടുംബം പ്രതികരിച്ചത്. ഒരു കോടി രൂപയ്ക്കടുത്തുള്ള തുക നല്‍കിയതായി സൈന്യം എക്‌സില്‍ കുറിച്ചിരുന്നു. എന്നാല്‍ നഷ്ടപരിഹാരത്തുക വകതിരിച്ച് വിശദീകരിച്ചിരുന്നില്ല. പലരും അഭിപ്രായപ്പെടുന്നത് 48 ലക്ഷം രൂപ കൊല്ലപ്പെട്ട സൈനികന് അര്‍ഹതപ്പെട്ട ഇന്‍ഷുറന്‍സ് തുകയാണെന്നും നഷ്ടപരിഹാരമായി കണക്കാക്കാനാവില്ലെന്നുമാണ്. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി കളവ് പറഞ്ഞെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കളുടെ ആരോപണം.

