കാസര്‍കോഡ് ഒന്നര വയസ്സുകാരന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: അമ്മ അറസ്റ്റില്‍

Update: 2021-01-06 02:49 GMT

ബദിയടുക്ക: കാസര്‍കോഡ് ബദിയടുക്കയില്‍ ഒന്നര വയസുകാരന്റെ മരണം കൊലപാതകം. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന അമ്മ ശാരദയെ പൊലീസ് അറസ്റ്റ് ചെയ്തു. പെര്‍ള കാട്ടുകുക്ക പെര്‍താജെ സ്വദേശി ശാരദയാണ് അറസ്റ്റിലായത്.

ഒന്നര വയസ്സുള്ള ഏക മകന്‍ സുസ്തിയെയാണ് കിണറ്റില്‍ എറിഞ്ഞ് കൊന്നത്. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ നാലിനാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടെത്തിയത്.

കുട്ടി തനിയെ കിണറ്റില്‍ വീണതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ് കുഞ്ഞിനെ ആരെങ്കിലും കിണറ്റില്‍ എറിഞ്ഞതാകുമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംശയം അമ്മയിലേക്ക് നീണ്ടതും, അറസ്റ്റ് നടന്നതും. കുടുംബവഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നുവെന്നാണ് ഇവര്‍ പോലിസിന് നല്‍കിയ മൊഴി.