അമ്മയുടെ ക്രൂരമര്‍ദനമേറ്റ മൂന്നുവയസുകാരന്‍ മരിച്ചു

ഇന്ന് രാവിലെ 9.05 ഓടെയായിരുന്നു അന്ത്യം. രാവിലെ കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. ശരീരം മരുന്നുകളോടും പ്രതികരിക്കാതെയായി. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന കുട്ടി ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. തലയോട്ടിക്കും തലച്ചോറിനുമേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.

Update: 2019-04-19 05:10 GMT

കൊച്ചി: ആലുവ ഏലൂരില്‍ അമ്മയുടെ ക്രൂരമര്‍ദനമേറ്റ് ചികില്‍സയിലായിരുന്ന മൂന്നുവയസ്സുകാരന്‍ മരിച്ചു. ഇന്ന് രാവിലെ 9.05 ഓടെയായിരുന്നു അന്ത്യം. രാവിലെ കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. ശരീരം മരുന്നുകളോടും പ്രതികരിക്കാതെയായി. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന കുട്ടി ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. തലയോട്ടിക്കും തലച്ചോറിനുമേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്നുവയസുള്ള മകനെ ബുധനാഴ്ചയാണ് ആലുവയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചത്.

കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്റെ അമ്മയാ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പിച്ചതെന്ന് കണ്ടെത്തിയത്. തലച്ചോറിന് പരിക്കേറ്റതിനെത്തുടര്‍ന്ന് കട്ടപിടിച്ച രക്തം മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കുശേഷമാണ് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്. എന്നാല്‍, ഇതിനുശേഷവും കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയായിരുന്നു. തലച്ചോറിന്റെ പലഭാഗത്തും വീണ്ടും നീര്‍കെട്ടുണ്ടായി. 48 മണിക്കൂര്‍ വെന്റിലേറ്റര്‍ നിരീക്ഷണത്തിലിരിക്കെയാണ് കുട്ടി മരണപ്പെടുന്നത്. കോട്ടയത്തുനിന്നുള്ള വിദഗ്ധസംഘം കുട്ടിയെ പരിശോധിച്ച് ആരോഗ്യനില സംബന്ധിച്ച് ആരോഗ്യവകുപ്പിന് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തലച്ചോറിന്റെ വലതുഭാഗത്തുള്ള പരിക്ക് ഗുരുതരമാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നുമായിരുന്നു റിപോര്‍ട്ട്.

കുട്ടിയുടെ അമ്മ ജാര്‍ഖണ്ഡ് സ്വദേശി ഹെന(28) റിമാന്‍ഡിലാണ്. ഇവര്‍ക്കെതിരേ വധശ്രമം, ബാലനീതി വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കുട്ടി മരിച്ച സാഹചര്യത്തില്‍ കൊലക്കുറ്റവും ചുമത്തും. അനുസരണക്കേട് കാണിച്ചതിന് കുട്ടിയെ മര്‍ദിക്കാറുണ്ടെന്നായിരുന്നു ഹെന പോലിസിനോട് പറഞ്ഞത്. കുട്ടിയുടെ അച്ഛന്‍ ഇപ്പോഴും പോലിസ് കസ്റ്റഡിയിലാണ്. ബംഗാള്‍ സ്വദേശിയായ ഇയാളുടെ പശ്ചാത്തലം പരിശോധിക്കാനായി ഏലൂര്‍ പോലിസ് ബംഗാള്‍ പോലിസിനെ ബന്ധപ്പെട്ടിട്ടുണ്ട്. കുഞ്ഞിന് മര്‍ദനമേറ്റസമയത്ത് താന്‍ ഉറക്കമായിരുന്നെന്നാണ് ഇയാള്‍ പോലിസിന് നല്‍കിയ മൊഴി. കുട്ടിയെ അവസാനമായി കാണിക്കുന്നതിന് ഇയാളെ ഇന്ന് രാവിലെ ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു. 

Tags: