തിരിച്ചിറക്കിയ റഷ്യന്‍ യാത്രാവിമാനം കത്തിയമര്‍ന്നു; 41 മരണം
റഷ്യയിലെ ഷെറെമെത്യേവോ വിമാനത്താവളത്തില്‍നിന്ന് 78 യാത്രക്കാരുമായി മുര്‍മാന്‍ക് നഗരത്തിലേക്ക് പുറപ്പെട്ട സുഖോയ് സൂപ്പര്‍ജെറ്റ്100 വിമാനത്തിനാണ് തീപിടിച്ചത്.
മോസ്‌കോ: റഷ്യന്‍ വിമാനത്തിന് തീപിടിച്ച് 41 യാത്രക്കാര്‍ മരിച്ചു. തീ പിടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ പുറത്തിറക്കിയതിന് പിന്നാലെ എയ്‌റോഫ്‌ളോട്ട് വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു.
റഷ്യയിലെ ഷെറെമെത്യേവോ വിമാനത്താവളത്തില്‍നിന്ന് 78 യാത്രക്കാരുമായി മുര്‍മാന്‍ക് നഗരത്തിലേക്ക് പുറപ്പെട്ട സുഖോയ് സൂപ്പര്‍ജെറ്റ്100 വിമാനത്തിനാണ് തീപിടിച്ചത്. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. പറന്നുയര്‍ന്നയുടന്‍ തീപിടിച്ചതിനെ തുടര്‍ന്ന്, അടിയന്തര ലാന്‍ഡിങ്ങിന് അനുമതി ലഭിച്ചെങ്കിലും ആദ്യതവണ ലാന്‍ഡിങ് ശ്രമം പരാജയപ്പെടുകയായിരുന്നു. രണ്ടാം തവണത്തെ ശ്രമത്തിലാണ് വിമാനത്തിന് ലാന്‍ഡ് ചെയ്യാനായത്. അപ്പൊഴേക്കും എന്‍ജിന് തീപ്പിടിച്ചിരുന്നു.
രണ്ടു കുട്ടികളും ഒരു വിമാന ജീവനക്കാരനും മരിച്ചവരില്‍പ്പെടുന്നു. വിമാനത്തില്‍ നിന്ന് ആരെങ്കിലും രക്ഷപ്പെട്ടെങ്കില്‍ അതൊരു അദ്ഭുതമാണെന്നാണ് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞത്. ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അതില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയം മേധാവി വെറോണിക്ക സ്‌കൊവോത്സോവ പറഞ്ഞു.
സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കാന്‍ ശ്രമിച്ചതെന്ന് റഷ്യന്‍ ദേശീയ വിമാനക്കമ്പനി എയ്‌റോഫ്‌ളോട്ട് അറിയിച്ചു. എന്നാല്‍, വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ തയ്യാറായില്ല. യാത്രക്കാരെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ജീവനക്കാര്‍ ചെയ്തിരുന്നു. 55 സെക്കന്റിനുള്ളില്‍ യാത്രക്കാരെ പുറത്തിറക്കി. എന്നാല്‍, അതിനുള്ളില്‍ തീ ആളിപ്പടര്‍ന്നിരുന്നു. 78 യാത്രക്കാരില്‍ 37 പേരെ മാത്രമാണ് രക്ഷിക്കാനായത്.

