'കേരളത്തില്‍ ജനിച്ച മുസ് ലിം പയ്യന്‍ മുംബൈയില്‍ സ്‌ഫോടനം നടത്തി'; കേരള താരത്തിന്റെ സെഞ്ച്വറിയെ ബോംബ് സ്‌ഫോടനമാക്കി വ്യാജപ്രചാരണം
സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ ഫാക്റ്റ് ചെക്ക് വെബ് സൈറ്റായ ബൂം ലൈവ് ഇത് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ദി ന്യൂസ് മിനുട്‌സിന്റെ തലക്കെട്ട് എഡിറ്റ് ചെയ്താണ് കുപ്രചാരണം നടത്തുന്നതെന്നു കണ്ടെത്തിയത്. കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ ചിത്രം സഹിതമാണ് വ്യാജ പ്രചാരണം നടത്തിയത്.
വാര്‍ത്തയിലെ യഥാര്‍ത്ഥ തലക്കെട്ട് '37 പന്തില്‍ സെഞ്ച്വറി നേടി കേരള ഓപണര്‍ അസ്ഹറുദ്ദീന്‍ ഹൃദയങ്ങള്‍ കീഴടക്കി' എന്നായിരുന്നു. ജനുവരി 13ന് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 മല്‍സരത്തിലാണ് മുംബൈയ്‌ക്കെതിരേ 37 പന്തില്‍ സെഞ്ച്വറി നേടിയത്. റിഷഭ് പന്ത് (32 പന്ത്), രോഹിത് ശര്‍മ (35 പന്ത്) എന്നിവരുടെ റെക്കോഡിനു തൊട്ടുതാഴെയായാണ് അസ്ഹറുദ്ദീന്റെ സ്ഥാനം. തെറ്റായ വിവരണത്തോടെയുള്ള സ്‌ക്രീന്‍ഷോട്ട് ട്വിറ്ററിലും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
'വ്യാജ തലക്കെട്ടോടുകൂടിയ എഡിറ്റ് ചെയ്ത സ്‌ക്രീന്‍ഷോട്ട് ശനിയാഴ്ച രാവിലെ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പക്ഷേ അത് ഇത്രത്തോളം വ്യാപിക്കുമെന്ന് ഞങ്ങള്‍ അറിഞ്ഞില്ല. ഭാവിയില്‍ അത്തരം വ്യാജ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടാലുടന്‍ ഞങ്ങള്‍ വ്യാജമാണെന്ന് വെളിച്ചത്ത് കൊണ്ടുവരുമെന്നും ടിഎന്‍എം എഡിറ്റര്‍ ഇന്‍ ചീഫ് ധന്യാ രാജേന്ദ്രന്‍ ബൂം ലൈവിനോട് പറഞ്ഞു.
Morphed Screenshot Of The News Minute On Cricketer Azharudeen Viral
