'കൊവിഡ് വാക്‌സിനുകള്‍ ഞങ്ങള്‍ക്ക് അയച്ചതിന് മോദിക്ക് നന്ദി. നിങ്ങള്‍ ഒരു നല്ല ആണ്‍കുട്ടിയാണ്'; ബ്രിട്ടീഷ് രാജ്ഞിയുടെ പേരിലും ഹിന്ദുത്വരുടെ ഫോട്ടോഷോപ്പ് പ്രചാരണം

2020 ഏപ്രില്‍ ഒമ്പതിന് രാജ്ഞിയുടെ പേരില്‍ ബ്രിട്ടീഷ് മീഡിയാ ഗ്രൂപ്പ് സ്ഥാപിച്ച ബോര്‍ഡാണ് മോദി അനുകൂലികള്‍ ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്നും ആള്‍ട്ട് ന്യൂസ് നടത്തിയ പരിശോധനയില്‍ വ്യക്തമായി.

Update: 2021-03-18 05:51 GMT

ന്യൂഡല്‍ഹി: ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ പേരില്‍ മോദി അനുകൂലികളുടെ വ്യാജ പ്രചാരണം. കൊവിഡ് വാക്‌സിന്‍ ബ്രിട്ടന് അയച്ചുകൊടുത്തതില്‍ പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് കൊണ്ട് ബ്രിട്ടീഷ് രാജ്ഞിയുടെ പേരില്‍ ലണ്ടന്‍ നഗരത്തില്‍ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതായാണ് മോദി അനുകൂലികള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. 'കൊവിഡ് വാക്‌സിനുകള്‍ ഞങ്ങള്‍ക്ക് അയച്ചതിന് മോദിക്ക് നന്ദി. നിങ്ങള്‍ ഒരു നല്ല ആണ്‍കുട്ടിയാണ്'. എന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിക്കുന്ന ബോര്‍ഡിലെ വാചകം.

ആനന്ദ അഗര്‍വാള്‍ എന്ന വ്യക്തിയാണ് മോദിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ബോര്‍ഡിന്റെ ചിത്രം ആദ്യമായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 'യുഎസ് 200 കൊല്ലം അടക്കിഭരിച്ച സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ രാജ്ഞി എലിസബത്ത് മോദിക്ക് നന്ദി അറിയിച്ചിരിക്കുന്നു. മോദിക്ക് നന്ദി അറിയിച്ച് ലണ്ടന്‍ നഗരത്തില്‍ സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡ്' എന്ന അടിക്കുറിപ്പോടെയാണ് അഗര്‍വാള്‍ ചിത്രം ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് നൂറുകണക്കിന് ഹിന്ദുത്വ അനുകൂലികളുടെ ട്വിറ്റര്‍ ഹാന്റിലുകള്‍ ഇതേ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചു.

മോദി അനുകൂലികള്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ അന്വേഷിച്ചുകൊണ്ട് നിരവധി പേര്‍ മാധ്യമങ്ങള്‍ക്ക് ഈ ചിത്രം അയച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് 'ആള്‍ട്ട് ന്യൂസ്' നടത്തിയ പരിശോധനയിലാണ് ചിത്രം വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. റിവേര്‍സ് ഇമേജ് സെര്‍ച്ചില്‍ നടത്തിയ പരിശോധനയില്‍ സമാനമായ മറ്റൊരു ചിത്രമാണ് ലഭിച്ചത്. 2020 ഏപ്രില്‍ ഒമ്പതിന് രാജ്ഞിയുടെ പേരില്‍ ബ്രിട്ടീഷ് മീഡിയാ ഗ്രൂപ്പ് സ്ഥാപിച്ച ബോര്‍ഡാണ് മോദി അനുകൂലികള്‍ ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്നും ആള്‍ട്ട് ന്യൂസ് നടത്തിയ പരിശോധനയില്‍ വ്യക്തമായി.