മസ്ജിദുല്‍ അഖ്‌സയ്ക്ക് സമീപം വീണ്ടും ഇസ്രായേല്‍ ആക്രമണം; 60 ലധികം ഫലസ്തീനികള്‍ക്ക് പരിക്ക്

64 പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ റെഡ് ക്രസന്റിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. ഒരുദ്യോഗസ്ഥന് പരിക്കേറ്റതായി ഇസ്രായേല്‍ പോലിസും പറയുന്നു.

Update: 2021-05-09 01:54 GMT

തെല്‍ അവീവ്: മസ്ജിദുല്‍ അഖ്‌സയില്‍ നടത്തിയ രക്തരൂക്ഷിത ആക്രണത്തിന് പിന്നാലെ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ 60 ലധികം ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ജറുസലേമില്‍നിന്ന് ഫലസ്തീന്‍ പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ ഇസ്രായേല്‍ സേന നടത്തിയ അതിക്രമത്തിലാണ് ഇത്രയും പേര്‍ക്ക് പരിക്കേറ്റത്. 64 പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ റെഡ് ക്രസന്റിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ പ്രായപൂര്‍ത്തിയാവാത്തവരും ഒരു വയസുകാരനും ഉള്‍പ്പെടുന്നു. 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഫലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു.


 ഒരുദ്യോഗസ്ഥന് പരിക്കേറ്റതായി ഇസ്രായേല്‍ പോലിസും പറയുന്നു. ഈ സമയം മസ്ജിദുല്‍ അഖ്‌സയ്ക്ക് സമീപം വിശുദ്ധ റമദാനിലെ ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിച്ച് പതിനായിരക്കണക്കിന് വിശ്വാസികള്‍ തടിച്ചുകൂടിയിരുന്നു. അതിനിടയിലാണ് ഇസ്രായേല്‍ സേന ആക്രമണം അഴിച്ചുവിട്ടത്. പോലിസ് റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് നടത്തിയ വെടിവയ്പ്പിലും ജലപിരങ്കി പ്രയോഗത്തിലുമാണ് നിരവധി ഫലസ്തീനികള്‍ക്ക് പരിക്കേറ്റത്.

ദമാസ്‌കസ് ഗേറ്റില്‍നിന്ന് ഒരു ഫലസ്തീന്‍കാരനെ ഇസ്രായേല്‍ പോലിസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇസ്രായേലിന്റെ അധിനിവേശത്തിനെതിരേയും പതിനായിരക്കണക്കിന് ഫലസ്തീനികളെ ബലമായി കുടിയൊഴിപ്പിക്കുന്നതിനെതിരേയും ജറുസലേമിലും സമീപപ്രദേശങ്ങളിലും പ്രക്ഷോഭം ശക്തമാണ്. ഫലസ്തീന്‍ യുവാക്കള്‍ കല്ലെറിഞ്ഞതായും തീ കത്തിച്ചതായും പോലിസ് ബാരിക്കേഡുകള്‍ തകര്‍ത്തതായും ഇസ്രായേല്‍ സേന ആരോപിക്കുന്നു. ഇതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പോലിസ് റബര്‍ ബുള്ളറ്റും സ്റ്റണ്‍ ഗ്രനേഡും പ്രയോഗിക്കുകയും കുതിരപ്പുറത്തെത്തി ഫലസ്തീനികളെ എതിരിട്ടതെന്നും അവര്‍ പറയുന്നു.

റമദാനിലെ അവസാന വെള്ളിയാഴ്ച അല്‍ അഖ്‌സ മസ്ജിദില്‍ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ ഇരുന്നൂറിലധികം ഫലസ്തീനികള്‍ക്ക് പരിക്ക് പറ്റിയതിനു പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. അക്രമം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ആഹ്വാനങ്ങളുണ്ടായിരുന്നു. ജെറുസലേമിനെച്ചൊല്ലി ഇസ്രായേലും ഫലസ്തീനികളും തമ്മില്‍ കഴിഞ്ഞ ഏതാനും നാളുകളായി വീണ്ടും സംഘര്‍ഷം ഉടലെടുത്തിരുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഷെയ്ഖ് ജറയ്ക്കു സമീപം കുടിയൊഴിക്കപ്പെട്ട ഫലസ്തീന്‍ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി ഫലസ്തീന്‍, അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ പ്രവര്‍ത്തകരും ഒത്തുകൂടിയിരുന്നു. എന്നാല്‍, ഇസ്രായേല്‍ സേനയും പോലിസും ചേര്‍ന്ന് ഇവരെ ടിയര്‍ ഗ്യാസ്, റബ്ബര്‍ ബുള്ളറ്റുകള്‍, ഷോക്ക് ഗ്രനേഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് നേരിടുകയാണുണ്ടായത്.

Tags: