സ്‌ഫോടനത്തിന്റെ ഞെട്ടല്‍ മാറാതെ ലബനാന്‍; മരണം 100 ആയി, ഭവനരഹിതരായത് 2 ലക്ഷത്തിലധികം പേര്‍; സഹായ ഹസ്തവുമായി ലോകരാജ്യങ്ങള്‍

സംഭവത്തിനു പിന്നാലെ അടിയന്തരമായി മന്ത്രിസഭ വിളിച്ചുചേര്‍ത്ത സര്‍ക്കാര്‍ രണ്ടാഴ്ചത്തേക്ക് അടിയന്തിരവാസ്ഥയും നിലവിലെ സാഹചര്യം മറികടക്കാന്‍ അടിയന്തിര ധനസഹായവും പ്രഖ്യാപിച്ചു.

Update: 2020-08-05 12:07 GMT

ബെയ്‌റൂത്ത്: തലസ്ഥാനായ ബെയ്‌റൂത്തിനെ പിടിച്ചുകുലുക്കിയ ഉഗ്രസ്‌ഫോടനത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ലബനാന്‍. ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കി ബെയ്‌റൂത്ത് തുറമുഖത്തെ ഗോഡൗണില്‍ ഉഗ്രസ്‌ഫോടനമുണ്ടായത്. ഇവിടെ സൂക്ഷിച്ച ടണ്‍കണക്കിന് അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ലബനീസ് പ്രധാനമന്ത്രി വ്യക്തമാക്കി. സംഭവത്തിനു പിന്നാലെ അടിയന്തരമായി മന്ത്രിസഭ വിളിച്ചുചേര്‍ത്ത സര്‍ക്കാര്‍ രണ്ടാഴ്ചത്തേക്ക് അടിയന്തിരവാസ്ഥയും നിലവിലെ സാഹചര്യം മറികടക്കാന്‍ അടിയന്തിര ധനസഹായവും പ്രഖ്യാപിച്ചു.

ദുരന്തത്തില്‍ ചുരുങ്ങിയത് 100 പേര്‍ കൊല്ലപ്പെടുകയും 4000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ നഗരത്തിലും പ്രാന്ത്പ്രദേശങ്ങളിലും വന്‍നാശനഷ്ടമുണ്ടായിട്ടുണ്ട്.


രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണെന്നും മരണസംഖ്യ ഉയരാനിടയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ടര ലക്ഷത്തോളം പേര്‍ ഭവനരഹിതരായിട്ടുണ്ടെന്ന് ബെയ്‌റൂത്ത് ഗവര്‍ണര്‍ മര്‍വാന്‍ അബൗദ് പറഞ്ഞു. സ്‌ഫോടന കാരണം ഇപ്പോഴും വ്യക്തമല്ല. തുറമുഖ ഗോഡൗണില്‍ ആറുവര്‍ഷമായി സൂക്ഷിച്ചുവരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിക്കു പിന്നിലെന്നാണ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്.


ലബനാന്‍ സ്‌ഫോടനം 'യഥാര്‍ത്ഥ ദുരന്തം': വിശകലന വിദഗ്ധന്‍

തന്റെ ജീവിതത്തില്‍ ഇതിനുമുമ്പ് ഇത്തരത്തിലൊരു സ്‌ഫോടനം കണ്ടിട്ടില്ലെന്നാണ് ലെവന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്ട്രാറ്റജിക് അഫയേഴ്‌സ് ഡയറക്ടര്‍ സമി നാദര്‍ പറയുന്നത്. 'ഇതൊരു യഥാര്‍ത്ഥ ദുരന്തമാണ്. തങ്ങള്‍ കണ്ടത് മഹാദുരന്തമാണ്, 'സ്‌ഫോടനത്തിന്റെ വ്യാപ്തി, ഊഹിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ്. ലബനാനിലെ ആഭ്യന്തര യുദ്ധങ്ങള്‍ക്ക് താന്‍ സാക്ഷിയാണ്. 2005ലെ മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിക്കെതിരായ ബോംബാക്രമണത്തിനും മറ്റു രാഷ്ട്രീയക്കാരെ ലക്ഷ്യമിട്ടുള്ള മറ്റ് ബോംബാക്രമണങ്ങള്‍ക്കും ഞാന്‍ സാക്ഷിയായിരുന്നു, എന്നാല്‍, ഇത്തരത്തിലൊന്ന് ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല' -സമി നാദര്‍ പറഞ്ഞു.


പ്രാര്‍ഥനയുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ


ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ലബനാനിനുമായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥന നടത്തി. 'എല്ലാ സാമൂഹിക, രാഷ്ട്രീയ, മത ഘടകങ്ങളുടെയും സമര്‍പ്പണത്തിലൂടെ ലബനാന്‍ അങ്ങേയറ്റം ദാരുണവും വേദനാജനകവുമായ ഈ നിമിഷത്തെ അഭിമുഖീകരിക്കുമെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടെ അവര്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയട്ടെയെന്നും മാര്‍പ്പാപ്പ ആശംസിച്ചു.

ഫ്രാന്‍സ് രക്ഷാപ്രവര്‍ത്തകരെയും ഉപകരണങ്ങളെയും അയക്കും

സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ വിദഗ്ധര്‍, 15 ടണ്‍ സാനിറ്ററി ഉപകരണങ്ങള്‍, പരിക്കേറ്റ 500 പേര്‍ക്ക് ചികിത്സ നല്‍കാന്‍ കഴിയുന്ന മൊബൈല്‍ ക്ലിനിക് എന്നിവയുമായി രണ്ടു രണ്ട് സൈനിക വിമാനങ്ങള്‍ ലബനാനിലേക്ക് അയക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.


പാരീസിന് പുറത്തുള്ള ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ നിന്ന് ഉച്ചകഴിഞ്ഞ് വിമാനം 55 സിവില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായി ബെയ്‌റൂട്ടില്‍ എത്തും. ലബനന്‍ തലസ്ഥാനത്തെ ആശുപത്രികളെ ശക്തിപ്പെടുത്തുന്നതിനായി ഒരു ഡസന്‍ അടിയന്തര ഉദ്യോസ്ഥരെ ഉടന്‍ ബെയ്‌റൂട്ടിലേക്ക് അയക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

ബെയ്‌റൂത്ത് ഇരകളെ സഹായിക്കാന്‍ തുര്‍ക്കി സഹായ സംഘവും; ഫീല്‍ഡ് ആശുപത്രി വാഗ്ദാനം ചെയ്ത് ആങ്കറ

ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ കുടങ്ങിയവര്‍ക്കായി തിരച്ചില്‍ നടത്തിവരുന്ന സംഘത്തില്‍ തുര്‍ക്കിയുടെ ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫൗണ്ടേഷനും (ഐഎച്ച്എച്ച്) ഉള്‍പ്പെടുന്നു. കൂടാതെഫീല്‍ഡ് ഹോസ്പിറ്റല്‍ പണിയാനും ആവശ്യാനുസരണം സഹായം നല്‍കാനും തുര്‍ക്കി മുന്നോട്ട് വന്നിട്ടുണ്ട്.

ഐക്യദാര്‍ഢ്യവുമായി പാകിസ്താന്‍

ബെയ്‌റൂത്തിനെ നടുക്കിയ വന്‍ സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ പാക് പ്രധാനമന്ത്രി കടുത്ത ദുഖം രേഖപ്പെടുത്തി. വിലയേറിയ ജീവന്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബെയ്‌റൂത്തിലെ വന്‍ സ്‌ഫോടനങ്ങളെക്കുറിച്ച് കേട്ടപ്പോള്‍ വല്ലാതെ വേദനയുണ്ടായെന്നും ഖാന്‍ ട്വീറ്റില്‍ പറഞ്ഞു. ലബനാനിലെ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യവും അദ്ദേഹം പ്രഖ്യാപിച്ചു.


ഇറാന്‍, ബ്രിട്ടന്‍, ആസ്‌ത്രേലിയ, സൈപ്രസ് തുടങ്ങി നിരവധി രാജ്യങ്ങള്‍ സഹായ ഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്.

Tags: