ഇന്തോനീസ്യയില്‍ പ്രളയവും മണ്ണിടിച്ചിലും; നൂറിലേറെ പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി
പ്രളയക്കെടുതിയില്‍ കിഴക്കന്‍ ഇന്തോനീസ്യയിലെ ഫ്‌ളോറസ് ദ്വീപ് മുതല്‍ കിഴക്കന്‍ തിമോര്‍ലെസ്‌റ്റെ വരെയുള്ള ഭാഗങ്ങളിലെ ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിലായി. ഇവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. കാണാതായവര്‍ക്കായി മേഖലകളില്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ജക്കാര്‍ത്ത: ഇന്തോനീസ്യയില്‍ മിന്നല്‍പ്രളയത്തിലും മണ്ണിടിച്ചിലിലും നൂറിലേറെ പേര്‍ മരിച്ചു. നിരവധിപേരെ കാണാതായി. ഇന്തോനീസ്യയിലും സമീപരാജ്യമായ കിഴക്കന്‍ ടിമോറിലും വീശിയടിച്ച സെറോജ ചുഴലിക്കാറ്റിനെത്തുടര്‍ന്നാണ് കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായത്. പ്രളയക്കെടുതിയില്‍ കിഴക്കന്‍ ഇന്തോനീസ്യയിലെ ഫ്‌ളോറസ് ദ്വീപ് മുതല്‍ കിഴക്കന്‍ തിമോര്‍ലെസ്‌റ്റെ വരെയുള്ള ഭാഗങ്ങളിലെ ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിലായി. ഇവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. കാണാതായവര്‍ക്കായി മേഖലകളില്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
വീടുകളില്‍ വെള്ളവും ചെളിയും കയറിയതിനെത്തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ പാലായനം ചെയ്തു. ചുഴലിക്കാറ്റ് ഇപ്പോള്‍ ആസ്‌ത്രേലിയയിലേക്ക് നീങ്ങുകയാണ്. മഴ അടുത്ത ദിവസവും തുടരുമെന്നാണ് ദുരന്തനിവാരണ ഏജന്‍സിയുടെ വിലയിരുത്തല്‍. ആസ് ത്രേലിയയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് നീങ്ങിയ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. റോഡുകള്‍ തകര്‍ന്നതും വൈദ്യുതി ബന്ധം മുറിഞ്ഞതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ദൃശ്യങ്ങളില്‍ ഒരു വലിയ ഇരുമ്പുപാലം വെള്ളത്തിലേക്ക് ഒഴുകിപ്പോയതും കെട്ടിടങ്ങള്‍ ഒലിച്ചുപോവുന്നതും വീടുകള്‍ ഇടിഞ്ഞുവീഴുന്നതും കാണുന്നുണ്ട്.
ഇന്തോനീസ്യയില്‍ മാത്രം 73 പേര്‍ മരിച്ചു. 70 പേരെ കാണാതായി. 27 പേര്‍ എങ്കിലും തിമോര്‍ലെസ്‌റ്റെയില്‍ മരിച്ചു. ജക്കാര്‍ത്തയില്‍ 400 ലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ചെളിയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് ഗുരുതരമായ വെല്ലുവിളിയായി മാറിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ കുന്നുകൂടുന്നത് തിരച്ചില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തക സംഘത്തെ തടസ്സപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്തോനീസ്യന്‍ ദുരന്തലഘൂകരണ ഏജന്‍സി വക്താവ് രാധിത്യജതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്തോനീസ്യയ്ക്കും ആസ്‌ത്രേലിയയ്ക്കുമിടയില്‍ 1.3 ദശലക്ഷം ജനസംഖ്യയുള്ള ഒരു ചെറിയ ദ്വീപ് രാജ്യമാണ് തിമോര്‍ലെസ്‌റ്റെ. ഏപ്രില്‍ 9 വരെ മോശം കാലാവസ്ഥ തുടരുമെന്നും കൂടുതല്‍ അപകടമുണ്ടാവുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരവധി ആളുകളെ കാണാതായിട്ടുണ്ടെന്ന് ഞങ്ങള്‍ സംശയിക്കുന്നു. പക്ഷേ എത്ര പേരെ കാണാനില്ലെന്ന് വ്യക്തമല്ല- ഈസ്റ്റ് ഫ്‌ളോറസ് ദുരന്ത ഏജന്‍സിയിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഏപ്രില്‍ 3 മുതല്‍ ഏപ്രില്‍ 9 വരെ ഇന്തോനീസ്യയിലെ മിക്ക പ്രദേശങ്ങളിലും മോശം കാലാവസ്ഥ അനുഭവപ്പെടുമെന്ന് രാജ്യത്തെ കാലാവസ്ഥാ ഏജന്‍സിയുടെ റിപോര്‍ട്ട് ഉദ്ധരിച്ച് ഇന്തോനീസ്യന്‍ നാഷനല്‍ ബോര്‍ഡ് ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഏജന്‍സി (ബിഎന്‍പിബി) പറഞ്ഞു. അടുത്ത ദിവസം കൂടുതല്‍ മഴ പെയ്യുമെന്ന് ദുരന്ത ഏജന്‍സി മുന്നറിയിപ്പ് നല്‍കി. 6 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകളുണ്ടാവുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്തോനീസ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ വെള്ളപ്പൊക്കത്തിലുണ്ടായ നാശത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ ശക്തമാക്കുമെന്ന് ജനങ്ങള്‍ക്ക് അദ്ദേഹം ഉറപ്പ് നല്‍കി. ഈ ദുരന്തം കാരണം ഞങ്ങളുടെ സഹോദരങ്ങള്‍ അനുഭവിക്കുന്ന അഗാധമായ ദു:ഖം ഞാന്‍ മനസ്സിലാക്കുന്നു- അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലും മികച്ചതായും നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യസേവന സഹായം, കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അടിസ്ഥാന ആവശ്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

