പത്തുലക്ഷത്തിലധികം അമേരിക്കക്കാര്‍ കൊറോണ പരിശോധന നടത്തിയെന്ന് ട്രംപ്

കൊവിഡ് വ്യാപനം തടയുന്നതിനായി പത്തില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടുന്നത് ഒഴിവാക്കുക, റെസ്റ്റോറന്റുകളിലോ ബാറുകളിലോ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക തുടങ്ങിയവ ഉള്‍പ്പെടുന്ന ശുപാര്‍ശകള്‍ അടുത്ത മാസത്തേക്ക് കൂടി വ്യാപിപ്പിക്കുമെന്നു ട്രംപ് വ്യക്തമാക്കി.

Update: 2020-03-31 02:47 GMT

വാഷിങ്ടണ്‍:ഫെഡറല്‍ സാമൂഹിക അകല മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കുമെന്നും ചൈനയിലേക്കും യൂറോപ്പിലേക്കുമുള്ള യാത്രാ നിയന്ത്രണങ്ങള്‍ തുടരുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊറോണ വ്യാപനം തടയുന്നതിന് ഏപ്രില്‍ മാസത്തില്‍ കൂടി അമേരിക്കക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാനും ട്രംപ് ആവശ്യപ്പെട്ടു. പത്തുലക്ഷത്തിലധികം അമേരിക്കക്കാര്‍ കൊറോണ പരിശോധന നടത്തിയെന്നും ഇതു നാഴികകല്ലാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് വ്യാപനം തടയുന്നതിനായി പത്തില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടുന്നത് ഒഴിവാക്കുക, റെസ്റ്റോറന്റുകളിലോ ബാറുകളിലോ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക തുടങ്ങിയവ ഉള്‍പ്പെടുന്ന ശുപാര്‍ശകള്‍ അടുത്ത മാസത്തേക്ക് കൂടി വ്യാപിപ്പിക്കുമെന്നു ട്രംപ് വ്യക്തമാക്കി.

മാര്‍ഗനിര്‍ദേശങ്ങള്‍ വിപുലമായിരിക്കും, അല്‍പ്പം കര്‍ശനമാവുകയും ചെയ്യുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യുഎസിലെ കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ ആദ്യഘട്ടത്തില്‍ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടെന്ന വിമര്‍ശനം ട്രംപിനെതിരേ നിലവിലുണ്ട്.

'ഈ യുദ്ധം വിജയിക്കുന്നതില്‍ നമ്മില്‍ ഓരോരുത്തര്‍ക്കും പങ്കുണ്ട്. ഓരോ പൗരനും കുടുംബത്തിനും ബിസിനസിനും വൈറസ് തടയുന്നതില്‍ പങ്കുണ്ട്.അടുത്ത 30 ദിവസം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും ഒരേ അളവില്‍ അപകടസാധ്യത നേരിടുന്നതിനാല്‍ ഫെഡറല്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പ്രധാനമാണെന്ന് വൈറ്റ് ഹൗസിലെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്സ് റെസ്‌പോണ്‍സ് കോര്‍ഡിനേറ്റര്‍ ഡെബോറ ബിര്‍ക്സ് പറഞ്ഞു. 

Tags:    

Similar News