ഇറാന്റെ മിസൈല്‍ ലോഞ്ചറുകള്‍ നശിപ്പിച്ചെന്ന് ട്രംപ് പറഞ്ഞതിന് ശേഷവും ഇസ്രായേല്‍ ലക്ഷ്യമാക്കി ഇറാന്‍ വിക്ഷേപിച്ചത് നിരവധി മിസൈലുകളും ഡ്രോണുകളും. ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയും നിരവധി മിസൈല്‍ ആക്രമണങ്ങള്‍ നടന്നതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.
ഇസ്രായേലിന് നേരെ ഇറാനിയന്‍ മിസൈലുകള്‍ വിക്ഷേപിച്ചതായി കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ബീര്‍ ഷെവ, ഗാസ അതിര്‍ത്തി, രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക് പുതിയ മിസൈല്‍ വിക്ഷേപണങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.
ജറുസലേം, തെക്കന്‍ നെവ്ഗെവ്, ഇസ്രായേലിന്റെ തെക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും സൈറണുകള്‍ മുഴങ്ങുന്നുണ്ട്. അതേസമയം, നാശനഷ്ടങ്ങളെ കുറിച്ചുള്ള റിപോര്‍ട്ട് പുറത്ത് വന്നിട്ടില്ല.
ഇറാന്‍ വീണ്ടും ആക്രമണം ശക്തമാക്കിയതായി ഇസ്രായേല്‍. ഇറാനില്‍ നിന്നും പുതിയൊരു മിസൈല്‍ തരംഗം വരുന്നുണ്ടെന്നും പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമായതായും ഇസ്രായേല്‍ അറിയിച്ചു. മിസൈല്‍ പതിക്കാന്‍ സാധ്യതയുള്ള മേഖലയിലെ ജനങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാണെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു.
ഇറാനെതിരേ ഇസ്രായേല്‍-യുഎസ് സംയുക്ത സൈന്യം ആക്രണം തുടങ്ങിവച്ചതിന് പിന്നാലെയാണ് ഇറാന്‍ തിരിച്ചടിക്കാന്‍ തുടങ്ങിയത്. യുദ്ധം തുടങ്ങിവച്ച ഇസ്രായേല്‍ നിരാശരാകേണ്ടി വരുമെന്ന് ഇറാന്‍ വ്യക്തമാക്കി. ഇസ്രായേല്‍ തുടങ്ങിവച്ച യുദ്ധം മേഖലയിലാകെ അശാന്തി പരത്തിയിരിക്കുകയാണ്. ഇസ്രായേലും ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളും ലക്ഷ്യമാക്കി തുടര്‍ച്ചയായ മിസൈല്‍-ഡ്രോണ്‍ ആക്രമണമാണ് ഇറാന്‍ നടത്തുന്നത്.
