യുപിയില്‍ ഗംഗാനദിയില്‍ വീണ്ടും കൂട്ടത്തോടെ മൃതദേഹങ്ങള്‍, 24 മണിക്കൂറിനിടെ സംസ്‌കരിച്ചത് 40 മൃതദേഹങ്ങള്‍
നദീതീരത്ത് കുടുങ്ങിയ മൃതദേഹം കൈയുറ ധരിച്ച പ്രവര്‍ത്തകര്‍ പുറത്തെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. വായില്‍ ഓക്‌സിജന്‍ ട്യൂബ് ഘടിപ്പിച്ച നിലയിലുള്ള ഒരു മൃതദേഹവും കണ്ടെത്തിയിരുന്നു. പ്രയാഗ്‌രാജ് മുനിസിപ്പല്‍ കോര്‍പറേഷനില്‍നിന്നുള്ള സംഘമാണ് മൃതദേഹം പുറത്തെടുത്തത്.
ലഖ്‌നോ: തുടര്‍ച്ചയായി പെയ്ത മഴയില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗംഗാനദിയില്‍ വീണ്ടും കൂട്ടത്തോടെ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇത്തരത്തില്‍ ഒഴുകിയെത്തിയ 40 മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി പ്രയാഗ് രാജ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. കൊവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളടക്കമാണ് ഗംഗാ നദിയില്‍ ഒഴുകിനടക്കുന്ന നിലയില്‍ കണ്ടെത്തിയത്. എന്‍ഡിടിവി, ന്യൂസ് 18 അടക്കമുള്ള മാധ്യമങ്ങളാണ് ദൃശ്യങ്ങള്‍ സഹിതം ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
നേരത്തെയും കൊവിഡ് രോഗികളുടേതടക്കമുള്ള മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ ഒഴുകിനടന്നത് വലിയ തോതില്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. നദിയുടെ തീരങ്ങളില്‍ അശാസ്ത്രീയമായ നിലയില്‍ കുഴിച്ചിട്ടതിനെത്തുടര്‍ന്ന് മണ്‍തിട്ടയിടിഞ്ഞും മറ്റും നദിയിലേക്ക് വീണതാണെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം, കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനിടമില്ലാതെ നദിയില്‍ ഉപേക്ഷിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ ശക്തമാണ്. കഴിഞ്ഞ രണ്ടുദിവസമായി പ്രയാഗ്‌രാജിലെ വിവിധ ഇടങ്ങളില്‍നിന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ ചിത്രീകരിച്ച വീഡിയോകളിലും ചിത്രങ്ങളിലും അധികൃതര്‍ മൃതദേഹങ്ങള്‍ നദിയില്‍നിന്ന് പുറത്തെടുക്കുന്നത് കാണാം.
നദീതീരത്ത് കുടുങ്ങിയ മൃതദേഹം കൈയുറ ധരിച്ച പ്രവര്‍ത്തകര്‍ പുറത്തെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. വായില്‍ ഓക്‌സിജന്‍ ട്യൂബ് ഘടിപ്പിച്ച നിലയിലുള്ള ഒരു മൃതദേഹവും കണ്ടെത്തിയിരുന്നു. പ്രയാഗ്‌രാജ് മുനിസിപ്പല്‍ കോര്‍പറേഷനില്‍നിന്നുള്ള സംഘമാണ് മൃതദേഹം പുറത്തെടുത്തത്. രോഗിയായി മരണപ്പെട്ട വ്യക്തിയെ കുടുംബം ഭയപ്പെട്ട് അവിടെ ഉപേക്ഷിച്ച് പോയതാവാമെന്നാണ് ഉദ്യോഗസ്ഥര്‍ ഇതിനോട് പ്രതികരിച്ചത്. ഇതെക്കുറിച്ച് കൂടുതലൊന്നും പറയാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40 മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി പ്രയാഗ് രാജ് മുനിസിപ്പല്‍ കോര്‍പറേഷന്റെ സോണല്‍ ഓഫിസര്‍ നിരാജ് കുമാര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ മൃതദേഹങ്ങളും സംസ്‌കരിക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹത്തില്‍ ഒക്‌സിജന്‍ ട്യൂബ് കാണപ്പെട്ടതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ മരിച്ചയാള്‍ രോഗിയായിരിക്കാമെന്ന് നിരാജ് കുമാര്‍ സിങ് പറഞ്ഞു. ഗംഗയ്ക്കടുത്ത് അടുത്തിടെ കണ്ടെത്തിയ ചില മൃതദേഹങ്ങള്‍ അഴുകിയ അവസ്ഥയിലല്ലെന്നും ഇത് അടുത്തിടെ സംസ്‌കരിച്ചതായി സൂചിപ്പിക്കുന്നുവെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിരവധി സമുദായങ്ങള്‍ മൃതദേഹങ്ങള്‍ കുഴിച്ചിടുകയെന്ന പാരമ്പര്യമാണ് സംസ്ഥാനത്ത് പിന്തുടരുന്നതെന്ന് പ്രയാഗ് രാജ് മേയര്‍ അഭിലാഷ ഗുപ്ത നന്തി പറഞ്ഞു. മണ്ണില്‍ കുഴിച്ചിട്ട മൃതദേഹങ്ങള്‍ അലിഞ്ഞുപോവും. നദിയിലെ ജലനിരപ്പുയര്‍ന്നാല്‍ എവിടെയെങ്കിലും മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ ഞങ്ങള്‍ സംസ്‌കാരം നടത്തും- മേയര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലും ബിഹാറിലും ഒന്നിലധികം സ്ഥലങ്ങളില്‍ ഗംഗാ നദിയുടെ തീരത്തുള്ള മണലുകളില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ മെയ് മാസത്തില്‍ വലിയ വാര്‍ത്തയായിരുന്നു.
കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത വ്യക്തമാക്കുന്നതായിരുന്നു ഈ ദൃശ്യങ്ങള്‍. കൊവിഡ് മൂലം മരണപ്പെട്ടവരുടെ യഥാര്‍ഥ കണക്കുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍, ഈ മരണങ്ങളൊന്നും കൊവിഡ് മൂലമല്ലെന്നും ഉത്തര്‍പ്രദേശിലെ ആചാരണത്തിന്റെ ഭാഗമായാണ് ഗംഗാ നദിയുടെ തീരത്ത് മൃതദേഹങ്ങള്‍ കുഴിച്ചിടുന്നതെന്നുമായാരിന്നു സര്‍ക്കാരിന്റെ വാദം.

