20 ലക്ഷം കൊവിഡ് മരണങ്ങളെന്ന് ദ ഇക്കണോമിസ്റ്റ് പഠനം; ഇപ്പോഴത്തെ കണക്കിന്റെ ഏഴിരട്ടി!
നേരത്തെയും ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ മാധ്യമങ്ങളടക്കം രാജ്യത്ത് കൊവിഡ് മരണങ്ങള്‍ കുറച്ചുകാണിക്കുകയാണെന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
ന്യൂഡൽഹി: രാജ്യത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചതിനേക്കാള്‍ ഏഴിരട്ടിയോളം കൂടുതലാണ് യഥാര്‍ത്ഥ കൊവിഡ് മരണങ്ങളെന്ന് പഠന റിപോര്‍ട്ട്. മരണസംഖ്യയിലെ കണക്കുകള്‍ വിവിധ സംസ്ഥാനങ്ങള്‍ തിരുത്തിവരുന്നതിനിടെയാണ് ദ ഇക്കണോമിസ്റ്റിന്റെ പുതിയ പഠനം പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ 20 ലക്ഷത്തിലധികമാണെന്ന് ദ ഇക്കണോമിസ്റ്റ് പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പറയുന്നു. വിര്‍ജിനിയ കോമണ്‍വെല്‍ത്ത് യൂനിവേഴ്സിറ്റിയിലെ ക്രിസ്റ്റഫര്‍ ലെഫ്‌ലര്‍ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഈ റിപോര്‍ട്ട്.
നേരത്തെയും ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ മാധ്യമങ്ങളടക്കം രാജ്യത്ത് കൊവിഡ് മരണങ്ങള്‍ കുറച്ചുകാണിക്കുകയാണെന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളില്‍ ഔദ്യോഗിക മരണകണക്കുകളും ശ്മശാനങ്ങളിലെ സംസ്കാരം നടക്കുന്നതിന്റെ കണക്കുകളും തമ്മിലുള്ള പൊരുത്തക്കേട് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം മരണകാരണം സ്ഥിരീകരിക്കുന്നതില്‍ തെറ്റായ രീതി അവലംബിക്കുന്നത് കൊവിഡിനെതിരെ പോരാട്ട തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇന്നലെ വരെയുള്ള കണക്കുകളനുസരിച്ച് 3,70,384 ആണ് രാജ്യത്തെ കൊവിഡ് മരണം. ഐസിഎംആറിന്റെ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് മരണം രേഖപ്പെടുത്തുന്നത്. രാജ്യത്തെ ഓരോ അഞ്ച് മരണങ്ങളിലും ഒന്ന് നേരത്തെ റിപോര്‍ട്ട് ചെയ്യാതിരുന്നുവെന്നാണ് വിലയിരുത്തല്‍.
കണക്കുകള്‍ പരിഷ്കരിക്കാന്‍ തുടങ്ങിയതോടെ ദേശീയ തലത്തില്‍ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം മാത്രം രാജ്യത്തെ മഹാരാഷ്ട്ര, ബീഹാര്‍, യുപി, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങി ആറ് സംസ്ഥാനങ്ങളില്‍ നിന്ന് പുതുതായി 20,741 മരണങ്ങളാണ് കണക്കില്‍ വര്‍ധിച്ചത്.
രാജ്യത്താകമാനം 19 ശതമാനത്തോളം മരണങ്ങളാണ് പുതുതായി ചേര്‍ക്കപ്പെട്ടത്. ശനിയാഴ്ച രാജ്യത്തെ മരണങ്ങളില്‍ 3,302 എണ്ണത്തിന്റെ വര്‍ധനയുണ്ടായി. യഥാര്‍ത്ഥത്തില്‍ ശനിയാഴ്ച 1,316 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ബാക്കിയുള്ള 1,986 പഴയ കണക്കുകളായിരുന്നു. വെള്ളിയാഴ്ച 4,000 മരണങ്ങളാണ് രേഖപ്പെടുത്തപ്പെട്ടത്. ഇതില്‍ 2,213 എണ്ണം മഹാരാഷ്ട്രയില്‍ നേരത്തെ നടന്ന മരണങ്ങളാണ്. 56 ശതമാനം പഴയ മരണങ്ങളാണ് കണക്കുകളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,06,367 ആയി.
അതേസമയം ഒരു അടിസ്ഥാനവുമില്ലാതെയാണ് പഠനം നടത്തിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. അറിയപ്പെടുന്ന വസ്തുതകളെ മുന്‍നിര്‍ത്തി മരണം പ്രവചിക്കുകയാണ് ചെയ്തിട്ടുള്ളത്. മരണസംഖ്യ കണക്കാക്കാന്‍ ഉപയോഗിച്ച മാനദണ്ഡങ്ങള്‍ ഒരു രാജ്യവും അംഗീകരിക്കില്ല. രാജ്യത്തിന്റെ കൊവിഡ് ഡാറ്റാ മാനേജ്‌മെന്റ് പൂര്‍ണമായും സുതാര്യമാണെന്നും ആരോഗ്യമന്ത്രാലയം അവകാശപ്പെടുന്നു.

