മോര്‍ബി തൂക്കുപാലം ദുരന്തം: ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ റിപോര്‍ട്ട് സമര്‍പ്പിക്കണം; സ്വമേധയാ കേസെടുത്ത് ഗുജറാത്ത് ഹൈക്കോടതി

Update: 2022-11-08 06:43 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് 135 ലധികം പേര്‍ മരിക്കാനിടയായ ദുരന്തത്തില്‍ ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടത്തെക്കുറിച്ച് ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് എ ജെ ശാസ്ത്രി എന്നിവരടങ്ങിയ ബെഞ്ചാണ് സ്വമേധയാ കേസെടുത്ത് പൊതുതാല്‍പ്പര്യ വ്യവഹാരം ആരംഭിച്ചത്. നവംബര്‍ 14നോ അതിന് മുമ്പോ കേസ് കൂടുതല്‍ വാദം കേള്‍ക്കുന്ന സമയത്ത് നടപടി സ്വീകരിച്ച റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

നൂറുകണക്കിനു പൗരന്‍മാരാണ് ദുരന്തത്തില്‍ അകാലത്തില്‍ മരണപ്പെട്ടത്. അവരുടെ മരണം നിരാശാജനകമാണെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നൂറുപേര്‍ അസ്വാഭാവിക മരണത്തിന് ഇരയായതിനാല്‍ ഞങ്ങള്‍ അതിന്റെ പേരില്‍ സ്വമേധയാ നടപടി സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്- കോടതി അഡ്വക്കേറ്റ് ജനറലിനോട് പറഞ്ഞു. ഗുജറാത്ത് ചീഫ് സെക്രട്ടറി, നഗരവികസന വകുപ്പ്, സംസ്ഥാന ആഭ്യന്തര വകുപ്പ്, മോര്‍ബി മുനിസിപ്പാലിറ്റി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ എന്നിവരെ കേസില്‍ കക്ഷികളാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് പ്രത്യേക റിപോര്‍ട്ടും തേടിയിട്ടുണ്ട്.

ദാരുണമായ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 31 ന് തന്നെ സ്വമേധയാ നടപടിയെടുക്കാന്‍ ചീഫ് ജസ്റ്റിസ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് നിര്‍ദേശം നല്‍കിയിരുന്നു. ദീപാവലി അവധിയായതിനാല്‍ അന്നുതന്നെ കോടതി കേസ് പരിഗണിച്ചില്ല. ഒക്ടോബര്‍ 30നാണ് ഗുജറാത്തിലെ മോര്‍ബി നഗരത്തില്‍ മച്ചു നദിക്ക് കുറുകെയുള്ള 141 വര്‍ഷം പഴക്കമുള്ള തൂക്കുപാലം തകര്‍ന്ന് 135ലധികം പേര്‍ മരിച്ചത്. ക്ലോക്ക് നിര്‍മാണ സ്ഥാപനമായ ഒറെവയുടെ രണ്ട് മാനേജര്‍മാരുള്‍പ്പെടെ ഒമ്പത് പേരെ ഇതുവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Similar News