കര്‍ഷകരുടെ വായ്പയ്ക്ക് മോറട്ടോറിയം: 2018 ഒക്‌ടോബറിലെ ഉത്തരവ് നിലനില്‍ക്കുന്നതായി ചീഫ് സെക്രട്ടറി

2018 ഒക്‌ടോബറില്‍ പ്രഖ്യാപിച്ച മോറട്ടോറിയം 2019 ഒക്‌ടോബര്‍ 11 വരെ നിലവിലുള്ളതാണ്. സത്യവിരുദ്ധമായ വാര്‍ത്ത മൂലം കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

Update: 2019-03-19 15:03 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ഷകരുടെ വായ്പയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച് ഉത്തരവിറക്കാനായില്ലെന്ന വാര്‍ത്ത തെറ്റിധാരണാജനകമാണെന്നും 2018 ഒക്‌ടോബറില്‍ സര്‍ക്കാര്‍ മോറട്ടോറിയം സംബന്ധിച്ചിറക്കിയ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. 2018 ഒക്‌ടോബറില്‍ പ്രഖ്യാപിച്ച മോറട്ടോറിയം 2019 ഒക്‌ടോബര്‍ 11 വരെ നിലവിലുള്ളതാണ്. സത്യവിരുദ്ധമായ വാര്‍ത്ത മൂലം കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സംസ്ഥാനത്തെ കര്‍ഷകര്‍ എടുത്തിട്ടുള്ള ക്ഷീരവികസനവും മൃഗസംരക്ഷണവും ഉള്‍പ്പെടെയുള്ള കാര്‍ഷിക വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാവിധ വായ്പകളിലുമുള്ള ജപ്തി നടപടികള്‍ക്ക് മൊറട്ടോറിയം അനുവദിച്ച് ജി.ഒ.(എം.എസ്) 367/2018/റവ. നമ്പര്‍ ഉത്തരവാണ് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

ഈ സര്‍ക്കാര്‍ ഉത്തരവിന് 2019 ഡിസംബര്‍ 31 വരെ പ്രാബല്യം നല്‍കി മാര്‍ച്ച് അഞ്ചിലെ മന്ത്രിസഭാ യോഗം തീരുമാനം എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 7ന് ജി.ഒ.(എം.എസ്) 41/2019/അഗ്രി. പ്രകാരം കൃഷി വകുപ്പ് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു. മൊറട്ടോറിയം സംബന്ധിച്ച തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് വാണിജ്യ ബാങ്കുകള്‍ ആയതിനാല്‍, വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, മുഖ്യമന്ത്രി ആറിന് ബാങ്കുകളുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് 16ന് നടന്ന സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയില്‍ സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ഈ വിഷയം അവതരിപ്പിക്കുകയും ബാങ്കുകള്‍ തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന ധാരണയുണ്ടാവുകയും ചെയ്തിരുന്നു.

Tags:    

Similar News