കാലവര്‍ഷം ജൂണ്‍ അഞ്ച് മുതലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; നാല് ദിവസം നേരത്തേയാകാനും സാധ്യത

സ്വകാര്യ കാലാവസ്ഥ ഏജന്‍സിയായ സ്‌കൈമെറ്റ് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 28ന് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.

Update: 2020-05-15 08:59 GMT

തിരുവനന്തപുരം: ഈ വര്‍ഷത്തെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ അഞ്ചിന് കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അനുമാനങ്ങളില്‍ 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയും കാണുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനത്ത് സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നുമുതലാണ് കാലവര്‍ഷം ആരംഭിക്കുന്നത്.

എന്നാല്‍, സ്വകാര്യ കാലാവസ്ഥ ഏജന്‍സിയായ സ്‌കൈമെറ്റ് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 28ന് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.

സാഹചര്യങ്ങളില്‍ മാറ്റം വന്നാല്‍ കാലവര്‍ഷ മഴ ഒന്നോ രണ്ടോ ദിവസം നേരത്തെയോ അല്ലെങ്കില്‍ വൈകിയോ എത്താനും സാധ്യതയുണ്ടെന്നും സ്‌കൈമെറ്റിന്റെ റിപോര്‍ട്ടില്‍ പറയുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മണ്‍സൂണ്‍ മേഘങ്ങളെ പതിവിലും നേരത്തെ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് സ്‌കൈമെറ്റിലെ കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. മറ്റൊരു സ്വകാര്യ വെതര്‍ ഏജന്‍സിയായ 'വെതര്‍ ചാനല്‍' മെയ് 31 തന്നെ ഈ വര്‍ഷം മണ്‍സൂണ്‍ എത്തുമെന്നും പ്രവചിച്ചിട്ടുണ്ട്.

Tags:    

Similar News